ചെന്നൈ: ഇതര പാർട്ടികളുടെ ആശയങ്ങൾ പകർത്തിയാണ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് തന്റെ തമിഴക വെട്രി കഴകത്തിന്റെ മുദ്രാവാക്യങ്ങളും ആശയങ്ങളും ഉണ്ടാക്കിയതെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷ പാർട്ടിയായ എ.ഡി.എം.കെയും ആരോപിച്ചു. വിവിധ പാർട്ടികളുടെ നിലവിലുള്ള രാഷ്ട്രീയ നിലപാടുകളുടെ “കോക്ക്ടെയിൽ” ആണ് വിജയ് പ്രഖ്യാപിച്ചതെന്ന് എ.ഐ.എ.ഡി.എം.കെ കുറ്റപ്പെടുത്തി.
“ഇതെല്ലാം ഞങ്ങളുടെ നയങ്ങളാണ്, വിജയ് അത് പകർത്തുകയാണ്. വിജയ് പറഞ്ഞതെല്ലാം ഞങ്ങൾ നേരത്തെ പറഞ്ഞതും ഞങ്ങൾ പിന്തുടരുന്നതും ആണ്- ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ വ്യക്തമാക്കി. ദ്രാവിഡ മാതൃകയുടെ പേരിൽ വിജയ് ആളുകളെ വഞ്ചിക്കുകയാണെന്നും ഇളങ്കോവൻ ആരോപിച്ചു. “ഒരു കുടുംബം “അണ്ടർഹാൻഡ് ഡീലിങ്ങിലൂടെ” സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നായിരുന്നു വിജയിന്റെ ആരോപണം. ഇത്തരത്തിലുള്ള നിരവധി പാർട്ടികളെ കണ്ടിട്ടുണ്ടെന്നും കാണാമെന്നും ഇളങ്കോവൻ പറഞ്ഞു.
സാമൂഹ്യനീതിയിലും സ്ത്രീശാക്തീകരണത്തിലും പെരിയാറിൻ്റെ നയം തൻ്റെ പാർട്ടി സ്വീകരിക്കുമെന്ന് വിജയ് പറഞ്ഞിരുന്നു. കാമരാജ്, അംബേദ്കർ, സ്വാതന്ത്ര്യ സമര സേനാനി വേലു നാച്ചിയാർ, വിപ്ലവകാരിയായ അഞ്ജലൈ അമ്മാൾ എന്നിവരായിരുന്നു തൻ്റെ പാർട്ടിയുടെ മറ്റ് ഐക്കണുകളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം “പെരിയാറിൻ്റെ ‘ദൈവമില്ല’ നിലപാട് ഞങ്ങൾ സ്വീകരിക്കില്ലെന്നും ആരുടെയും വിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയിന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം എല്ലാ പാർട്ടികളുടെയും പ്രത്യയശാസ്ത്രവും പുതിയ കുപ്പിയിലെ പഴയ വീഞ്ഞും കൂടിച്ചേർന്നതാണെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ വിജയ് വ്യക്തമാക്കി.