തിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ വിജയ് യശോദരന് എതിരെയാണ് കേസെടുത്തതെന്ന് തമ്പാനൂർ പോലീസ് പറഞ്ഞു.
ബലാത്സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പലതവണ പീഡിപ്പിക്കുകയും സ്വർണം അടക്കം കൈക്കലാക്കിയെന്നുമാണ് കൊച്ചി സ്വദേശിനിയായ യുവ വനിതാ ഡോക്ടറുടെ പരാതിയിലുള്ളത്.
കേസെടുത്തതിനു പിന്നാലെ പോലീസുകാരൻ അവധിയാണെന്നു പറഞ്ഞ് ഒളിവിൽ പോകുകയായിരുന്നുവെന്നാണ് വിവരം. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന. ഡോക്ടർ പരാതി നൽകി മിനിട്ടുകൾക്കകം വിവരം സ്റ്റേഷനിൽനിന്ന് ചോർന്നതോടെയാണ് പ്രതി ഒളിവിൽ പോയത്.
വിജയ് തൃശൂർ എ.ആർ ക്യാമ്പിലായിരുന്നപ്പോഴാണ് യുവ ഡോക്ടറെ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി തമ്പാനൂരിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വിവാഹിതനായ പ്രതി ഇത് മറച്ചുവെച്ചാണ് യുവതിയെ വഞ്ചിച്ചതെന്നും പരാതിയിൽ പറയുന്നു.