തിരുവനന്തപുരം: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും കോൺഗ്രസിന്റെ മുൻ അധ്യക്ഷയുമായ സോണിയാ ഗാന്ധി, മകളും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തുന്നു. ചൊവ്വാഴ്ച്ച നടക്കുന്ന റോഡ് ഷോയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്ന് വിജയിച്ച രാഹുൽ ഗാന്ധി, റായ്ബറേലിയിലും വിജയിച്ചതിനെ തുടർന്ന് വയനാട് സീറ്റ് ഒഴിയുകയായിരുന്നു. 3,64,422 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി കഴിഞ്ഞ തവണ വയനാട് സീറ്റ് നിലനിർത്തിയത്. 2019 ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ പി.പി സുനീറിനെ 4,31,770 വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ തോൽപ്പിച്ചത്.
രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് ഘടകം പ്രിയങ്ക ഗാന്ധിയെ മത്സരിക്കാൻ ക്ഷണിക്കുകയായിരുന്നു. യു.ഡി.എഫ് കോട്ടയായ വയനാട്ടിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുകയെന്നാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ ആലസ്യത്തിലായിരുന്നുവെന്ന് പി.കെ ബഷീർ എം.എൽ.എ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കൾ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടാനായില്ലെന്നും മുസ്ലീം ലീഗ് നേതാക്കൾ നയിക്കുന്ന മണ്ഡലങ്ങളാണ് മികച്ച ലീഡ് നേടിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐക്ക് വേണ്ടി സത്യൻ മൊകേരിയും ബി.ജെ.പിയുടെ നവ്യ ഹരിദാസുമാണ് വയനാട്ട് മത്സരിക്കുന്നത്.