മസ്‌കത്ത് – ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേയാണ് ഇന്ത്യയിൽനിന്ന് പുരുഷോത്തം നന്ദു ഒമാനിലേക്ക് കപ്പൽ കയറിയത്. നീണ്ട എഴുപത്തിയൊമ്പത് വർഷമാണ് പുരുഷോത്തം നന്ദു ഒമാന്റെ വർത്തമാനത്തിനൊപ്പം സഞ്ചരിച്ചത്. ഇന്ന് രാവിലെ വീടുതകർന്ന് വീണു പുരുഷോത്തം നന്ദുവും ഭാര്യയും മരിച്ചതോടെ ഒരു ചരിത്രയാത്രക്ക് കൂടിയാണ് അവസാനമാകുന്നത്. ഒമാനിലെ പഴയകാല ഇന്ത്യന്‍ വ്യാപാരിയാണ് പുരുഷോത്തം നന്ദു. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മേല്‍ക്കൂര ദമ്പതികള്‍ക്കു മേല്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പ് 1945 ല്‍ ആണ് ഒമാനിലെ സൂറില്‍ പുരുഷോത്തം നന്ദു വ്യാപാര സ്ഥാപനം ആരംഭിച്ചത്. സൂറിലെ ലേഡീസ് സൂഖിലെ ആദ്യ കാല വ്യാപാരികളില്‍ ഒരാളായിരുന്നു നന്ദു. ഒമാനെയും സൂര്‍ നിവാസികളെയും താന്‍ അതിയായി സ്‌നേഹിക്കുന്നതായും 79 വര്‍ഷമായി താന്‍ സൂറില്‍ വ്യാപാരം നടത്തുന്നതായും അടുത്തിടെ ഒരു ടി.വി ചാനല്‍ നടത്തിയ അഭിമുഖത്തില്‍ പുരുഷോത്തം നന്ദു പറഞ്ഞിരുന്നു. അത്തറും റെഡിമെയ്ഡ് വസ്ത്രങ്ങളും പാദരക്ഷകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പരമ്പരാഗത വസ്തുക്കളും വില്‍ക്കുന്ന ഇതേ സ്ഥാപനമാണ് 79 വര്‍ഷമായി നന്ദു നടത്തി വന്നിരുന്നത്. തുടക്കത്തില്‍ സൂഖില്‍ ഇരുപത്തിയഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മക്കളെല്ലാവരും സൂറില്‍ പിറന്ന് വളര്‍ന്നവരും ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരുമാണ്.
ഒന്നോ രണ്ടോ വര്‍ഷത്തില്‍ ഒരിക്കല്‍ സ്വദേശമായ ഇന്ത്യയില്‍ പോയി ബന്ധുക്കളെയും മറ്റും കണ്ട് പത്തോ പതിനഞ്ചോ ദിവസം അവിടെ തങ്ങി സൂറിലേക്കു തന്നെ മടങ്ങുകയാണ് ഇത്രയും കാലം ചെയ്തത്. ഒമാനില്‍ പല സുല്‍ത്താന്മാരുടെയും കാലത്ത് ജീവിക്കാന്‍ നന്ദുവിന് ഭാഗ്യം സിദ്ധിച്ചു. താന്‍ ആദ്യമായി എത്തിയ കാലത്തില്‍ നിന്ന് സൂര്‍ ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ഒമാനെ സ്വന്തം രാജ്യത്തെ പോലെയാണ് താന്‍ കാണുന്നതെന്നും പുരുഷോത്തം നന്ദു ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാ നന്ദ് കൃഷ്ണദാസ് ആന്റ് കമ്പനി എന്നാണ് പുരുഷോത്തം നന്ദുവിന്റെ സ്ഥാപനത്തിന്റെ പേര്. അച്ഛന്റെ പേരാണ് സ്ഥാപനത്തിന് നല്‍കിയിരുന്നത്.