കണ്ണൂർ- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ച് പി.പി ദിവ്യ സി.പി.എം നേതൃത്വത്തിന് കത്തയച്ചു. രാജി അംഗീകരിച്ച സി.പി.എം അഡ്വ. കെ.കെ രത്നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാനും തീരുമാനിച്ചു.
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഖമനുഭവിക്കുന്ന കുടുംബത്തിൻ്റെ സങ്കടത്തിൽ പങ്കു ചേരുന്നതായും വ്യക്തമാക്കിയ ദിവ്യ, പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അറിയിച്ചു. നിരപാധിത്വം നിയമവഴിയിലൂ ടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗ ങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുകയാണെന്നും. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നുവെന്നും അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചതെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ദിവ്യക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചുവെന്നും പ്രസ്താവന വ്യക്തമാക്കി.