റിയാദ്- സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ഉന്നത ഭരണനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആറു മാസം കൂടി സാവകാശം അനുവദിക്കുന്നത്.
2024 ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്ക്കും സന്ദര്‍ശകര്‍ക്കും പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.
വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.
ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രാബല്യത്തില്‍വന്ന ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ് പ്രകാരം 25 ശതമാനം പിഴയിളവ് അനുവദിക്കുന്നുണ്ട്. ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്തതില്‍ അപ്പീല്‍ നല്‍കാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയപരിധി അവസാനിച്ച ശേഷം ഇത്തരക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക നേരിട്ട് വസൂലാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
പിഴയിളവ് ആനുകൂല്യം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ചുമത്തിയ മുഴുവന്‍ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് ലഭിക്കും. കൊറോണ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി ബാധകമാക്കിയ കര്‍ഫ്യൂ ലംഘിച്ചവര്‍ക്ക് ചുമത്തിയ പിഴകള്‍ ഇളവ് പരിധിയില്‍ വരില്ല. ട്രാഫിക് പിഴകളില്‍ മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടതില്ല. പെയ്മെന്റ് സംവിധാനമായ സദാദിലും ഈഫാ പ്ലാറ്റ്ഫോമിലും പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇളവ് പ്രയോജനപ്പെടുത്തി പിഴകള്‍ തീര്‍പ്പാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.