കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ അപമാനത്തിന് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന രൂക്ഷമായ വിമർശങ്ങളുടെ പശ്ചാത്തലത്തിൽ, കമന്റ് ബോക്‌സ് പൂട്ടിയാണ് കലക്ടർ കണ്ണൂരിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും പോസ്റ്റിട്ടത്.
നാട്ടിലേക്ക് ട്രാൻസ്ഫറായി പോകുന്ന എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കലക്ടർ അരുണിന്റെ സാന്നിധ്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതെല്ലാം മിണ്ടാതെ കലക്ടർ കേട്ടിരുന്നതാണ് സോഷ്യൽമീഡിയയുടെ പ്രകോപനം.
കലക്ടർ എടുക്കേണ്ട പണി എടുക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ‘താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു….നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും. ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരുപക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു’ എന്ന തരത്തിലാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വന്ന പ്രതികരണങ്ങൾ.
‘സഹപ്രവർത്തകനായ കണ്ണൂർ ജില്ല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശ്രീ നവീൻ ബാബുവിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം.
സൗമ്യനായി, ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സർവീസിൽ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്‌നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തിന്റെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറി. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും. വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നാണ് ജില്ലാ കലക്ടർ എഫ്.ബി പോസ്റ്റിൽ കുറിച്ചത്.