ന്യൂദൽഹി- വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുകയും യാത്ര മാറ്റിവെക്കുകയും ചെയ്തു. ദമാമിൽനിന്ന് ലഖ്നൗവിലേക്ക് മുംബൈയിൽനിന്ന് ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി. ന്യൂദൽഹിയിൽനിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇക്വലൂറ്റ് വിമാനതാവളത്തിലിറക്കി. ഓൺലൈനിൽ പോസ്റ്റ് ചെയ്ത വ്യാജ ബോംബ് ഭീഷണിയെ തുടർന്നാണ് സംഭവം. ഭീഷണിയെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങളുടെ സർവീസുകളാണ് താളം തെറ്റിയത്.
എയർ ഇന്ത്യയുടെ ദൽഹി-ചിക്കാഗോ വിമാനം ഇൻഡിഗോയുടെ, ദമാം-ലക്‌നൗ വിമാനം, അയോധ്യ-ബെംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവ സർവീസ് നിർത്തി. ഇന്നലെ ഇൻഡിഗോയുടെ രണ്ടു വിമാനത്തിനും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജ ഭീഷണികൾ ലഭിച്ചിരുന്നു.
“2024 ഒക്ടോബർ 15-ന് ദൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ AI127, ഓൺലൈനിൽ പോസ്റ്റ് ചെയ്‌ത സുരക്ഷാ ഭീഷണിയെ തുടർന്ന് കാനഡയിലെ എയർപോർട്ടിൽ ഇറക്കിയെന്ന് എയർ ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്തെയും യാത്രക്കാരെയും വീണ്ടും സ്‌ക്രീൻ ചെയ്യുകയാണെന്നും യാത്ര പുനരാരംഭിക്കാനാകുന്ന സമയം വരെ യാത്രക്കാരെ സഹായിക്കാൻ എയർപോർട്ടിൽ ഏജൻസികളെ സജീവമാക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം നിലവിൽ കാനഡയിലെ വിമാനതാവളത്തിലുണ്ട്.
സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള 6E 98 വിമാനത്തിന് നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെന്നും വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വിമാനം നിലത്തിറക്കിയതിന് ശേഷം നടത്തിയ പ്രസ്താവനയിൽ ഇൻഡിഗോ പറഞ്ഞു.
സ്ഥിരീകരിക്കാത്ത എക്‌സ് ഹാൻഡിൽ നിന്നാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായതെന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഇക്കാര്യം അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇന്നലെയാണ് ഇൻഡിഗോയുടെ രണ്ടും എയർ ഇന്ത്യയുടെ ഒന്നും വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശമുണ്ടായത്. ഇൻഡിഗോയുടെ രണ്ട് ഫ്ലൈറ്റുകളിലുമായി ആകെ 258 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുംബൈയിൽനിന്ന് മസ്‌കറ്റിലേക്ക് പോകുന്ന 6E1275 ഫ്ലൈറ്റിനും ജിദ്ദയിലേക്ക് പോകുന്ന 6E56 ഫ്ലൈറ്റിനുമാണ് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളും സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ച് മുംബൈ വിമാനത്താവളത്തിലെ ബേകളിലേക്ക് മാറ്റി. മസ്‌കറ്റിലേക്കുള്ള വിമാനം ഇതിനകം പുറപ്പെട്ടു. ജിദ്ദയിലേക്കുള്ള രണ്ടാമത്തെ ഇൻഡിഗോ വിമാനം സുരക്ഷാപ്രോട്ടോക്കോൾ അനുസരിച്ച് പരിശോധന പൂർത്തിയാക്കി.