തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർ.എസ്.എസ് വേദിയിൽ. തേക്കിൻകാട് മൈതാനിയിൽ നടന്ന ആർ.എസ്.എസിന്റെ ജന്മദിന ആഘോഷ പരിപാടികളിൽ അധ്യക്ഷനായാണ് ഔസേപ്പച്ചൻ പങ്കെടുത്തത്.
പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നും ആർ.എസ്.എസ് വിശാലമായ സംഘടനയാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. നരേന്ദ്ര മോഡിയെ പുകഴ്ത്തി സംസാരിച്ച അദ്ദേഹം ഈ വേദിയിൽ എല്ലാവരും കൈ നീട്ടി എന്നെ സ്വീകരിച്ചുവെന്നും വ്യക്തമാക്കി.
സംഗീതം ഒഴികെ മറ്റൊരു കാര്യങ്ങളും പൊതുവെ ശ്രദ്ധിക്കാത്ത വ്യക്തിയാണ് ഞാൻ. സംഗീതമെന്ന കടലിൽ നിന്ന് ഒരു തുള്ളിയെടുക്കാൻ ഒരായുസ് മതിയാകാതെ വരും. ആ ഓട്ടത്തിൽ മറ്റൊന്നും ശ്രദ്ധിക്കാറില്ല. അപ്പോഴാണ് ഗോപാലകൃഷ്ണൻ സർ നേരിട്ട് വന്ന് വിളിച്ചത്. സംഘത്തെക്കുറിച്ച് പരിചയപ്പെടുത്തി നൽകി ചടങ്ങിലേക്ക് ക്ഷണിച്ചത്.
മനുഷ്യരുടെ നന്മക്കായി മാത്രം, ഒരു നാട് നന്നാക്കാൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്ക്ക് ഇടം നൽകാതെ സേവനമനുഷ്ഠിക്കുന്ന ഈ സംഘത്തിന് പ്രണാമം. ജീവിതം പോലും അർപ്പിച്ച് പ്രവർത്തിക്കുന്നവരാണ് സംഘത്തിലുള്ളത്. ലൗകികമായ എല്ലാ സുഖങ്ങളും സൗകര്യങ്ങളും ഉപേക്ഷിച്ച്, വിവാഹജീവിതം പോലും പലരും വേണ്ടെന്ന് വച്ച്, മനുഷ്യരുടെ നന്മയ്ക്ക് പ്രവർത്തിക്കുന്നവരാണ് സംഘ പ്രവർത്തകർ. അവർക്ക് പ്രണാമം. ഇവരെ വിശുദ്ധൻമാർ എന്നാണ് വിളിക്കേണ്ടത്. ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള അർഹത പോലും എനിക്കുണ്ടെന്ന് തോന്നുന്നില്ല.
ഈ ലോകം മുഴുവൻ നന്നാക്കാൻ കഴിയില്ല. ആദ്യം സ്വയം നന്നാവുക, കുടുംബം നന്നാക്കുക, നാട് നന്നാക്കുക. ആ ഉദ്യമത്തിനായി ജീവിതം അർപ്പിച്ചവരാണ് സംഘപ്രവർത്തകർ. ഭാരതത്തിലെ എല്ലാവരുടെയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവർ. ഔസേപ്പച്ചൻ എന്താ ഇവിടെ? എന്ന് ചിലർ കരുതിയിട്ടുണ്ടാകും. സംഘമെന്നത് സങ്കുചിതമായി ചിന്തിക്കുന്നവരല്ല, വിശാലമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഞാനിവിടെ നിൽക്കുന്നതെന്ന് പറഞ്ഞപ്പോൾ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു.
യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആർ.എസ്.എസ് നല്കിയ പാഠങ്ങളാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.