ജിദ്ദ – രണ്ടാഴ്ച മുമ്പ് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ അതിശക്തമായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍, ജനറല്‍ അബ്ബാസ് നില്‍ഫൊറൂഷാന്റെ മൃതദേഹം കണ്ടെത്തിയതായി റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു. മൃതദേഹം ഇറാനിലേക്ക് നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. മയ്യിത്ത് സംസ്‌കാര ചടങ്ങിന്റെ സമയം പിന്നീട് നിര്‍ണയിക്കുമെന്നും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പറഞ്ഞു.
സെപ്റ്റംബര്‍ 27 ന് ആണ് ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ശക്തമായ ബോംബാക്രമണം നടത്തിയത്. ഒരു ടണ്‍ വീതം ഭാരമുള്ള 80 ബോംബുകള്‍ രണ്ടു മിനിറ്റിനകം വര്‍ഷിച്ച് ഹിസ്ബുല്ല കേന്ദ്രവും സമീപത്തെ മറ്റേതാനും കെട്ടിടങ്ങളും ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. ഹിസ്ബുല്ലയുടെ മറ്റേതാനും നേതാക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്‍ സൈനിക ഉപദേഷ്ടാവ് എന്നോണമാണ് ഹിസ്ബുല്ല ആസ്ഥാനത്തെ യോഗത്തില്‍ ജനറല്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ സംബന്ധിച്ചത്. ഏപ്രില്‍ ആദ്യത്തില്‍ സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ മുഹമ്മദ് രിദ സാഹിദിയുടെ പിന്‍ഗാമിയായാണ് 58 കാരനായ ജനറല്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡറായത്. ലെബനോനില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന് മേല്‍നോട്ടം വഹിക്കാന്‍ ജനറല്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ ലെബനോനിലേക്ക് മാറിയതായി ഇതാദ്യമായാണ് ഇറാന്‍ സ്ഥിരീകരിക്കുന്നത്. 1980 ലാണ് ഇദ്ദേഹം ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡില്‍ ചേര്‍ന്നത്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത അബ്ബാസ് നില്‍ഫൊറൂഷാന്‍ പ്രശസ്തരായ ഫീല്‍ഡ് കമാന്‍ഡര്‍മാരില്‍ ഒരാളായി മാറിയിരുന്നു.
അതേസമയം, ഹിസ്ബുല്ല കോ-ഓര്‍ഡിനേഷന്‍ ആന്റ് ലൈസണ്‍ ഓഫീസര്‍ വഫീഖ് സ്വഫാക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലായതായി ഉന്നത ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ബെയ്‌റൂത്തില്‍ ജനനിബിഡമായ ഡിസ്ട്രിക്ടിലെ കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് വഫീഖ് സ്വഫാക്ക് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തില്‍ നിരവധി പേര്‍ മരണപ്പെടുകയും ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ലക്കു വേണ്ടിയുള്ള ആയുധക്കടത്ത് ചുമതല വഹിച്ചിരുന്ന വഫീഖ് സ്വഫാക്ക് 2019 ല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഹിസ്ബുല്ലക്കും ലെബനീസ് സുരക്ഷാ വകുപ്പുകള്‍ക്കുമിടയില്‍ ആശയവിനിമയ ചുമതലയാണ് വഫീഖ് സ്വഫ വഹിച്ചിരുന്നത്.
മൂന്നു ഇസ്രായിലി സൈനികരെ ഹിസ്ബുല്ല തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് 2,000 ല്‍ നടത്തിയ ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത് വഫീഖ് സ്വഫയായിരുന്നു. 2004 ല്‍ സൈനികരുടെ മൃതദേഹങ്ങള്‍ ഇസ്രായില്‍ വീണ്ടെടുത്തു. 2008 ല്‍ ഹിസ്ബുല്ലക്കും ഇസ്രായിലിനുമിടയില്‍ ബന്ദി കൈമാറ്റത്തിലും ഇദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു.