ജിദ്ദ – ഇസ്രായിലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ നിക്കരാഗ്വെ തീരുമാനിച്ചതായി നിക്കരാഗ്വെ വൈസ് പ്രസിഡന്റ് റൊസാരിയോ മരിയ മുറില്ലൊ സംബ്രാന അറിയിച്ചു. ഇസ്രായില്‍ ഫാസിസ്റ്റ് രാജ്യമാണെന്നും ഇസ്രായില്‍ വംശഹത്യ നടത്തുകയാണെന്നും അവര്‍ വിശേഷിപ്പിച്ചു. ഫലസ്തീനില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളാണ് ഇസ്രായിലുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ കാരണമെന്ന് നിക്കരാഗ്വെ ഗവണ്‍മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലെ ഫാസിസ്റ്റ്, ക്രിമിനല്‍ ഗവണ്‍മെന്റുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ഞങ്ങളുടെ പ്രസിഡന്റ് വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റൊസാരിയോ മരിയ മുറില്ലൊ സംബ്രാന പറഞ്ഞു.
ഈ തീരുമാനം പ്രതീകാത്മകവും രാഷ്ട്രീയപരവുമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വിനിയമങ്ങളൊന്നുമില്ല. നിക്കരാഗ്വെയില്‍ ഇസ്രായിലിന് അംബാസഡറുമില്ല. 2010 ല്‍ നിക്കരാഗ്വെ ഇസ്രായിലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. 2017 മാര്‍ച്ച് 28 ന് ആണ് ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. 1982 ലും നിക്കരാഗ്വെ ഇസ്രായിലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
അതേസമയം, മധ്യപൗരസ്ത്യദേശത്ത് സമാധാനം കൈവരിക്കാന്‍ ഫലസ്തീന്‍ രാഷ്ട്രത്തെയും ഇസ്രായിലിനെയും ഒരുപോലെ അംഗീകരിക്കണമെന്ന് മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലൗഡിയ ഷൈന്‍ബാവം പാര്‍ഡൊ ആവശ്യപ്പെട്ടു. ഇസ്രായിലിനെ പോലെ ഫലസ്തീന്‍ രാഷ്ട്രത്തെയും അംഗീകരിക്കല്‍ അനിവാര്യമാണ്. ദീര്‍ഘ കാലമായി മെക്‌സിക്കോയുടെ നിലപാട് ഇതാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഒക്‌ടോബര്‍ ഒന്നിന് അധികാരമേറ്റ ശേഷം ക്ലൗഡിയ ഷൈന്‍ബാവം പാര്‍ഡൊ ഇക്കാര്യത്തില്‍ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ ക്ലൗഡിയ ഷൈന്‍ബാവം പാര്‍ഡൊ അപലപിച്ചു. യുദ്ധം ഒരിക്കലും നല്ല ലക്ഷ്യസ്ഥാനത്തേക്ക് നയിക്കില്ലെന്നും അവര്‍ പറഞ്ഞു. മെക്‌സിക്കോയുടെ പുതിയ ഇടതുപക്ഷ പ്രസിഡന്റ് യൂറോപ്യന്‍ ജൂതവംശജയാണ്. പക്ഷേ, അവര്‍ നേരത്തെ നിരീശ്വരവാദം പ്രഖ്യാപിക്കുകയും 2009 ജനുവരിയില്‍ പുറത്തിറക്കിയ പൊതുസന്ദേശത്തില്‍ മുന്‍കാലത്ത് ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിക്കുകയും ചെയ്തു. ആന്ദ്രെസ് മാനുവല്‍ ലോപസ് ഒബ്‌റഡറിന്റെ നേതൃത്വത്തിലുള്ള മുന്‍ മെക്‌സിക്കന്‍ ഗവണ്‍മെന്റ് 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തെയും തുടര്‍ന്ന് ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തെയും വിമര്‍ശിച്ചിട്ടുണ്ടെന്നും ക്ലൗഡിയ ഷൈന്‍ബാവം പാര്‍ഡൊ പറഞ്ഞു.