ജിദ്ദ – ടൂറിസ്റ്റ് കപ്പല്‍ യാത്രക്കാര്‍ക്കായി ചെങ്കടലില്‍ ദ്വീപ് വികസിപ്പിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റിനു കീഴിലെ സൗദി ക്രൂയിസ് കമ്പനിയാണ് ജിദ്ദയില്‍ കമ്പനി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മശ്‌റൂആത്ത് മറൈന്‍ സര്‍വീസസ് (പി.സി മറൈന്‍ സര്‍വീസസ്) കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനും ഉന്നമിടുന്ന സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സൗദിയില്‍ സമുദ്ര വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്താനുള്ള സൗദി ക്രൂയിസ് കമ്പനിയുടെ കാഴ്ചപ്പാടിലെ തന്ത്രപരമായ ചുവടുവെപ്പാണ് പുതിയ പദ്ധതി.
പുതിയ ദ്വീപ് അതിന്റെ രൂപകല്‍പനയിലൂടെയും വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെയും ആധികാരിക സൗദി പൈതൃക സ്വഭാവത്തെ പ്രതിഫലിപ്പിക്കും. ടൂറിസ്റ്റ് കപ്പല്‍ യാത്രക്കാരെ സ്വീകരിക്കാന്‍ പ്രത്യേകം സജ്ജീകരിക്കുന്ന ചെങ്കടലിലെ ഇത്തരത്തിലുള്ള ആദ്യത്തെ ദ്വീപ് എന്ന നിലയില്‍ വികസന പദ്ധതി ദ്വീപിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.
ഈ വര്‍ഷം ഡിസംബറോടെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ദ്വീപ് സുസജ്ജമാകുമെന്നാണ് കരുതുന്നത്. സൗദിയില്‍ സമുദ്ര ടൂറിസം ഭൂപടത്തിലെ പുതിയതും സവിശേഷവുമായ ലക്ഷ്യസ്ഥാനമായി ദ്വീപ് മാറും. റിസപ്ഷന്‍ സെന്റര്‍, റെസ്റ്റോറന്റുകള്‍ക്കായി നീക്കിവെച്ച പ്രദേശം, ബീച്ച് ക്ലബ്ബ്, സ്വകാര്യ വില്ലകള്‍, സണ്‍ ബാത്ത് ഏരിയ, മറ്റു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ ഉറപ്പാക്കുന്ന സവിശേഷമായ സേവനങ്ങളും സൗകര്യങ്ങളും ദ്വീപിലുണ്ടാകും. ആദ്യ ഘട്ടത്തില്‍ ഒരേസമയം രണ്ടായിരം ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ ദ്വീപിന് ശേഷിയുണ്ടാകും.
സൗദിയില്‍ സമുദ്ര വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്താന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി സൗദി ക്രൂയിസ് കമ്പനി കൊമേഴ്‌സ്യല്‍ ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ മശ്ഹൂര്‍ ബാഈശന്‍ പറഞ്ഞു. ചെങ്കടലില്‍ വിനോദസഞ്ചാരികളുടെ അനുഭവങ്ങള്‍ക്ക് ഇത് പുതിയ മുതല്‍ക്കൂട്ടാകുമെന്നും മശ്ഹൂര്‍ ബാഈശന്‍ പറഞ്ഞു.
വിഷന്‍ 2030 ന് അനുസൃതമായി രാജ്യത്ത് സമുദ്ര ടൂറിസം മേഖലയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍, പുതിയ ദ്വീപ് പദ്ധതി സൗദിയില്‍ സമുദ്ര അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നല്‍കുന്ന സുപ്രധാന അവസരത്തെ പ്രതിനിധീകരിക്കുന്നതായി പി.സി മറൈന്‍ സര്‍വീസസ് ചെയര്‍മാന്‍ അദ്‌നാന്‍ അല്‍ശരീഫ് പറഞ്ഞു. മറൈന്‍ പദ്ധതികള്‍ നടപ്പാക്കുന്ന മേഖലയില്‍ സൗദിയിലെ മുന്‍നിര കമ്പനിയാണ് പി.സി മറൈന്‍ സര്‍വീസസ്. ജിദ്ദ അബ്ഹുര്‍ ബീച്ച് വാട്ടര്‍ ഫ്രന്റ് വികസനം, ജിദ്ദ, യാമ്പു, ദമാം തുറമുഖങ്ങളില്‍ ക്രൂയിസ് കപ്പല്‍ ബെര്‍ത്ത് വികസനം അടക്കമുള്ള നിരവധി പദ്ധതികള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്.