കഴിഞ്ഞ വർഷം ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച ഗാസ യുദ്ധത്തില്‍ ഇതുവരെ 902 ഫലസ്തീനി കുടുംബങ്ങള്‍ പൂര്‍ണമായും ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെട്ടതായി ഫലസ്തീന്‍ സർക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. സാലിം കുടുംബത്തെ സംബന്ധിച്ചേടത്തോളം 216 സാദാ നമ്പറല്ല. സാലിം കുടുംബത്തിന് നഷ്ടപ്പെട്ട മക്കളുടെയും കുടുംബാംഗങ്ങളുടെയും എണ്ണമാണിത്. സാലിം കുടുംബത്തിലെ ചില കുടുംബങ്ങള്‍ പൂര്‍ണമായും (മാതാപിതാക്കളും മക്കളും) തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഒരു വര്‍ഷമായി ഗാസയില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധത്തിന്റെ ഫലമായി നൂറു കണക്കിന് കുടുംബങ്ങളാണ് ഇതേ പോലെ ഫലസ്തീന്‍ ഗവണ്‍മെന്റിന്റെ സിവില്‍ രജിസ്റ്ററില്‍ നിന്ന് പൂര്‍ണമായും പുറത്തായിരിക്കുന്നത്.
ഗാസയിലെ ശൈഖ് റദ്‌വാന്‍ ഡിസ്ട്രിക്ട് നിവാസിയായ സമാഹിര്‍ സാലിമിന്റെ (33) മാതാവും മൂത്ത സഹോദരനും രണ്ടു സഹോദരിമാരും ഇവരുടെ ആറു മക്കളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിതൃസഹോദരന്മാരും അവരുടെ മക്കളും അടക്കം കുടുംബത്തില്‍ പെട്ട മറ്റു 60 പേരും ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സമാഹിര്‍ സാലിമിന്റെ മൂത്ത മകന്റെ ജീവനും യുദ്ധം തട്ടിയെടുത്തു. താന്‍ അനുഭവിക്കുന്ന ഏകാന്തതയും ആഴമേറിയതും കയ്‌പേറിയതുമായ നഷ്ടത്തിന്റെ വേദനയും എങ്ങിനെ വിവരിക്കണമെന്ന് സമാഹിറിന് അറിയില്ല. ഞാന്‍ ഒരു പേടിസ്വപ്‌നത്തിന്റെ നടുവിലാണ്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല – സമാഹിര്‍ പറയുന്നു. ഡിസംബര്‍ 11 ന് ആണ് സാലിം കുടുംബത്തിന്റെ വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ ബോംബാക്രമണം നടത്തിയത്. സമാഹിറിന്റെ മനസ്സിലും ഹൃദയത്തിനും ചോരയും വേദനയും പതിഞ്ഞ ദിവസമായിരുന്നു അത്.
ഉമ്മയെയും മൂന്നു സഹോദരങ്ങളെയും അവരുടെ മക്കളെയും നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയത് തന്റെ ജീവിതത്തില്‍ എല്ലാം മാറ്റിമറിച്ച നിമിഷമായിരുന്നു. നൊന്തുപെറ്റ ഉമ്മയെയും സഹോദരങ്ങളെയും അവരുടെ മക്കളെയും ഒരു നിമിഷത്തില്‍ നഷ്ടപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇത് സങ്കടത്തെക്കാള്‍ വലിയ കാര്യമാണ്. ഉമ്മയെയും സഹോദരങ്ങളെയും അവരുടെ മക്കളെയും നഷ്ടപ്പെട്ടതിന്റെ സങ്കടപ്പെരുമഴക്കിടെയാണ് മൂത്ത മകനെയും സമാഹിറിന് നഷ്ടപ്പെട്ടത്. ഇതോടെ വേദന ഇരട്ടിയായി മാറി. ഇനി ഒന്നും ശേഷിക്കുന്നില്ലെന്ന് ദുഃഖം കടിച്ചമര്‍ത്താനാകാതെ സമാഹിര്‍ സാലിം പറയുന്നു.
ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ 42,000 ഓളം ഫലസ്തീനികളെ കൊലപ്പെടുത്തിയിരിക്കുന്നു. ഒരു ലക്ഷം ഫലസ്തീനികള്‍ക്ക് യുദ്ധത്തില്‍ പരിക്കേറ്റു. ആയിരക്കണക്കിനാളുകളെ കാണാതായി. ഇവരില്‍ പലരും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സമകാലിക പരിഷ്‌കൃത സമൂഹത്തില്‍ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്ത നിലക്ക് ഗാസയെ ഇസ്രായില്‍ ശവപ്പറമ്പാക്കി മാറ്റുകയും തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു.
ഫലസ്തീന്‍ സര്‍ക്കാര്‍ മീഡിയ ഓഫീസ് കണക്കുകള്‍ പ്രകാരം ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 16,859 പേര്‍ കുട്ടികളാണ്. ഇതില്‍ 171 പേര്‍ യുദ്ധത്തിനിടെ പിറക്കുകയും യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തവരാണ്. കൊല്ലപ്പെട്ട കുട്ടികളില്‍ 710 പേരുടെ പ്രായം ഒരു വയസില്‍ കുറവാണ്. 36 കുട്ടികള്‍ പട്ടിണി മൂലമാണ് മരിച്ചത്. യുദ്ധത്തില്‍ 11,429 ഫലസ്തീനി വനിതകളും കൊല്ലപ്പെട്ടു.
സമാഹിര്‍ സാലിമിനെ പോലെ സാലിം കുടുംബത്തില്‍ മറ്റു ചിലരും ജീവനും കൊണ്ട് രക്ഷപ്പെട്ടു. ഇക്കൂട്ടത്തില്‍ പെട്ട മുഈന്‍ സാലിമിന്റെ ഏഴു സഹോദരീസഹോദരന്മാരും അവരുടെ മക്കളും പേരമക്കളും ഡിസംബര്‍ 19 ന് അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ തുടച്ചുനീക്കപ്പെട്ടു. സമാഹിര്‍ സാലിമിന്റെ ഉമ്മയും സഹോദരങ്ങളും മക്കളും കൊല്ലപ്പെട്ട് എട്ടു ദിവസത്തിനു ശേഷമാണ് അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ മുഈന്‍ സാലിമിന്റെ സഹോദരങ്ങളും മക്കളും പേരമക്കളും കഴിഞ്ഞിരുന്ന കെട്ടിടം ഇസ്രായില്‍ ബോംബാക്രമണത്തിലൂടെ തകര്‍ത്തത്. ഒറ്റ ആക്രമണത്തില്‍ ഒരു സെക്കന്റില്‍ കുടുംബത്തിലെ 93 പേരാണ് കൊല്ലപ്പെട്ടതെന്ന് മുഈന്‍ സാലിം പറയുന്നു. മരണപ്പെട്ടവരില്‍ ചിലരുടെ മയ്യിത്തുകള്‍ മറവു ചെയ്തു. മറ്റുള്ളവരുടെ മയ്യിത്തുകള്‍ ഇപ്പോഴും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടിയിലാണ്. ബോംബാക്രമണത്തില്‍ തന്റെ കുടുംബത്തില്‍ താന്‍ മാത്രമാണ് ജീവനോടെ ബാക്കിയായതെന്നും മുഈന്‍ സാലിം പറയുന്നു.
സാലിം കുടുംബത്തെ പോലെ നൂറു കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍ പൂര്‍ണമായോ ഭാഗിഗമായോ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇസ്രായില്‍ സൈന്യം വംശഹത്യ നടത്തുന്നതെന്ന് സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു. ഒരു വര്‍ഷത്തിനിടെ 902 ഫലസ്തീനി കുടുംബങ്ങളെ പൂര്‍ണമായും ഇസ്രായില്‍ ഇല്ലാതാക്കി. കുടുംബത്തില്‍ ഒരാള്‍ മാത്രം ബാക്കിയായ നിലയില്‍ 1,364 കുടുംബങ്ങളെയും രണ്ടു അംഗങ്ങള്‍ മാത്രം ബാക്കിയായ നിലയില്‍ 3,472 കുടുംബങ്ങളെയും ഇസ്രായില്‍ കൂട്ടക്കൊല ചെയ്തു.
അമേരിക്കയുടെയും ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് പോലുള്ള ചില യൂറോപ്യന്‍, പശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായില്‍ വംശഹത്യ തുടരുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച വിനാശകരമായ ആയുധങ്ങള്‍ ഇസ്രായിലിന് ആവോളം നല്‍കുന്നതിലൂടെ ഫലസ്തീനികളുടെ വംശഹത്യയില്‍ ഈ രാജ്യങ്ങളും പങ്ക് വഹിക്കുകയാണെന്ന് സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു.
തങ്ങളുടെ കുടുംബങ്ങള്‍ക്ക് നേരിട്ട നഷ്ടങ്ങളുടെ വേദന അനുഭവിക്കാനും പുറത്തറിയിക്കാനും ചില കുടുംബങ്ങളില്‍ ഏതാനും അംഗങ്ങള്‍ ബാക്കിയായെങ്കിലും നൂറു കുടുംബങ്ങള്‍ക്ക് നേരിട്ട ദുരന്തത്തിന്റെ ആഴത്തിന്റെ കഥകള്‍ വിവരിക്കാന്‍ ആ കുടുംബങ്ങളില്‍ ജീവനോടെ ആരും ശേഷിക്കുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 17 ന് ഇസ്രായില്‍ നടത്തിയ ആക്രമണത്തിലാണ് യാസിര്‍ അബൂശൂഖയുടെ കുടുംബം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടത്. യൂസിര്‍ അബൂശൂഖ, ഭാര്യ, ഇവരുടെ അഞ്ചു മക്കള്‍, യാസിറിന്റെ രണ്ടു സഹോദരങ്ങള്‍, അവരുടെ ഭാര്യമാരും മക്കളും അടക്കം കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഒറ്റ നിമിഷത്തില്‍ ഭൂമുഖത്തു നിന്ന് ഇല്ലാതായി. മധ്യഗാസയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പില്‍ യാസിര്‍ അബൂശൂഖയുടെയും കുടുംബത്തിന്റെയും വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ യുദ്ധ വിമാനം ഏതാനും മിസൈലുകള്‍ തൊടുത്തുവിടുകയായിരുന്നു. ഈ ഹീനമായ കുറ്റകൃത്യം വിശദീകരിക്കാന്‍ കുടുംബത്തില്‍ ആരും ജീവനോടെ ശേഷിക്കുന്നില്ലെന്നും കുടുംബം താമസിച്ചിരുന്ന വീട് നിന്ന പ്രദേശം തന്നെ ഇല്ലാതായതായും യാസിറിന്റെ പിതൃസഹോദര പുത്രന്‍ ഖലീല്‍ അബൂശൂഖ പറയുന്നു. മുഴുവന്‍ പിതൃസഹോദര പുത്രന്മാരും അവരുടെ കുടുംബങ്ങളും യാതൊരു കുറ്റവും ചെയ്യാതെ കൊല്ലപ്പെട്ടു. എല്ലാവരും ഒറ്റയടിക്കാണ് കൊല്ലപ്പെട്ടത്. ഇത് അവിശ്വസനീയമാണ് – ഖലീല്‍ അബൂശൂഖ പറയുന്നു.
നിരവധി മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെ ഇസ്രായില്‍ മനഃപൂര്‍വം കൂട്ടക്കൊല ചെയ്തു. ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍ ഹാഇല്‍ അല്‍നജ്ജാറിനെ (43) ഇസ്രായില്‍ സൈന്യം മെയ് മാസത്തില്‍ കൊലപ്പെടുത്തി. ഇതിനു പിന്നാലെ ഹാഇയിലിന്റെ ഭാര്യയെയും രണ്ടു മുതല്‍ പതിമൂന്നു വയസു വരെ പ്രായമുള്ള മൂന്നു മക്കളെയും മറ്റു രണ്ടു കുടുംബാംഗങ്ങളെയും ഇസ്രായില്‍ മനഃപൂര്‍വം കൊലപ്പെടുത്തി. ഹാഇല്‍ അല്‍നജ്ജാറിന്റെ കുടുംബത്തെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നെന്നും മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ടത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഹാഇയിന്റെ ഭാര്യാ സഹോദരന്‍ റാഇദ് അല്‍നജ്ജാര്‍ പറയുന്നു. ഇപ്പോഴത്തെ യുദ്ധത്തില്‍ 174 ഫലസ്തീനി മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ടത് വനിതാ മാധ്യമപ്രവര്‍ത്തക വഫാ അല്‍അദീനിയും ഭര്‍ത്താവും മകനും മകളുമായിരുന്നു. ദേര്‍ അല്‍ബലഹില്‍ നടത്തിയ ബോംബാക്രമണത്തിലാണ് വ്യത്യസ്ത വിദേശ മാധ്യമങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വഫാ അല്‍അദീനിയും കുടുംബവും കൊല്ലപ്പെട്ടത്.
കൂട്ടക്കൊലകള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ല. മറിച്ച്, കരുതിക്കൂട്ടി ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. യുദ്ധത്തില്‍ പ്രതികാരത്തെ യഥാര്‍ഥ മാര്‍ഗമായി ഇസ്രായില്‍ ഉപയോഗിക്കുന്നതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ബസല്‍ പറയുന്നു. പോരാളികള്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ കുടുംബങ്ങളെ ഇസ്രായില്‍ കൊന്നൊടുക്കി. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരക്കാരുടെ കുടുംബങ്ങളെ ഇസ്രായില്‍ ഒന്നടങ്കം ഇല്ലാതാക്കുന്നത്. പ്രതികാരബുദ്ധിയോടെയാണ് കുടുംബങ്ങളെ ഒന്നാകെ കൂട്ടക്കൊല ചെയ്യുന്നത് എന്ന കാര്യം വ്യക്തമാണ്. മുന്‍ യുദ്ധങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ യുദ്ധത്തില്‍ ഇസ്രായില്‍ പയറ്റുന്ന പ്രധാന തന്ത്രങ്ങളില്‍ ഒന്നാണിതെന്നും മുഹമ്മദ് ബസല്‍ പറയുന്നു.