ജിദ്ദ- ലോക കേരള സഭാംഗവും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ ഹനീഫ മൂന്നിയൂരുമായി ജിദ്ദയിൽ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി. ശനിയാഴ്ച രാത്രി ഷറഫിയ്യയിൽ നടന്ന മുഖാമുഖത്തിൽ വിവിധ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്തു. പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി പോരാട്ടം നടത്തുന്ന പ്രവാസി നേതാവാണ് ഹനീഫ മൂന്നിയൂർ. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.
പ്രവാസികളുടെ ക്ഷേമപദ്ധതികൾ, യാത്രാ പ്രശ്നങ്ങൾ, പ്രവാസി പുനരധിവാസം, പ്രവാസി സഹകരണ സംഘങ്ങൾ തുടങ്ങിയവിഷയത്തിൽ പ്രവാസി ലീഗ് നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ പ്രവാസി ശബ്ദമായി ആദ്യം ഉയർന്നുവന്ന പ്രസ്ഥാനം മുസ്ലിംലീഗിന്റെ പ്രവാസി വിഭാഗമായ പ്രവാസി ലീഗാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രവാസി വിഷയങ്ങൾ കൈകാര്യംചെയ്യാൻ കെഎംസിസിയുമായി ചേർന്ന് ഒരു ഏകോപനസംവിധാനവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മോഡറേറ്ററായിരുന്നു. ഇസ്ഹാഖ് പൂണ്ടോളി, ഇസ്മായിൽ മുണ്ടക്കുളം, വിപി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.