ദുബായ്: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ പത്ത് മുതൽ പന്ത്രണ്ട് വരെ ദുബായിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനത്തിലേക്ക് പ്രമുഖ അറബി ഭാഷാ പണ്ഡിതനും കൊല്ലം ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് പി. ജി അക്കാദമിക് കമ്മിറ്റി ചെയർമാനുമായ ഡോ.ഹുസൈൻ മടവൂരിന് ക്ഷണം. ഇന്ത്യയിൽ അറബിഭാഷാ പ്രചാരണരംഗത്ത് അദ്ദേഹം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. സമ്മേളനത്തിൽ ആധുനിക ലോകത്ത് അറബി ഭാഷയുടെ നൂതന സാദ്ധ്യതകളെക്കുറിച്ച് അറുപതോളം പ്രബന്ധങ്ങൾ വിവിധ വേദികളിൽ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള അഞ്ഞൂറിലേറെ ഭാഷാപണ്ഡിതന്മാർ പങ്കെടുക്കും.
സാഹിത്യം, കല, ചരിത്രം, സംസാകാരം, ശാസ്ത്രം എന്നിവക്ക് പുറമെ തൊഴിൽ മേഖലയിലും ഗവേഷണ രംഗത്തും അറബി ഭാഷയുടെ അനന്ത സാദ്ധ്യതകളാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്.
എന്നാൽ ഈ സാദ്ധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിൽ വേണ്ടത്ര അവബോധം സൃഷ്ടിക്കാൻ സാദ്ധ്യമായിട്ടില്ല.
പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് അറബി ഭാഷാപഠനം ഇനിയും പരിഷ്കരിക്കേണ്ടതുണ്ട്. അതിന്നായി നിർമ്മിത ബുദ്ധിയുൾപ്പെടെയുള്ള ആധുനിക മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകളും സമ്മേളത്തിലുണ്ടാവും. ഫറോക്ക് റൗസത്തുൽ ഉലൂം അറബിക് കോളെജ് പ്രിൻസിപ്പാൾ ആയി വിരമിച്ച ഹുസൈൻ മടവൂർ കാലികറ്റ് യൂണിവേഴ്സിറ്റി, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ചെന്നൈ ബി.എസ്.എ യൂണിവേഴ്സിറ്റി തുടങ്ങിയവയിൽ അറബിക് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കേന്ദ്ര സംസ്ഥാന യൂണിവേഴ്സിറ്റികളിൽ യു.ജി.സിയുടെ റിസോഴ്സ് പേഴ്സനായും ഗസ്റ്റ് ലക്ചറർ ആയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഭാഷാ വികസന സമതിയിൽ അറബി ഭാഷാ വിദഗ്ധ കമ്മിറ്റിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ സംസ്ഥാനതല കോ ഓഡിനേറ്ററും കേരള സംസ്ഥാന സാക്ഷരതാ സമിതിയിൽ അംഗവുമായിരുന്നു. ദൽഹി ആസ്ഥാനമായി ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഛ് ആർ ഡി എഫ് )ചെയർമാനും മലബാർ എജ്യുസിറ്റി പ്രസിഡൻ്റും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹിയും ഉപദേശകസമിതി അംഗവുമാണ്.
ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ലോക ഭാഷകളിലൊന്നാണ് അറബി. പ്രശ്സത സാഹിത്യകാരൻ നജീബ് മഹ്ഫൂസിന്ന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതോടെ അറബി സാഹിത്യം ലോക സാഹിത്യ മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 22 രാഷ്ട്രങ്ങളുടെ ഒന്നാം ഭാഷയും പത്തോളം രാജ്യങ്ങളിലെ രണ്ടാം ഭാഷയുമാണ് അറബി. അത് അവിടങ്ങളിലുളള നാല്പത് കോടിയിലധികം വരുന്ന ജനങ്ങളുടെ മാതൃഭാഷയാണത്. കൂടാതെ എല്ലാ രാഷ്ട്രങ്ങളിലും അറബി ഭാഷയറിയുന്ന ധാരാളമാളുകൾ വേറെയുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പെട്രോളിയം കണ്ട് പിടിച്ചതോടെ അറബി പഠിച്ചവർക്കുള്ള തൊഴിൽ സാദ്ധ്യത വളരെയേറെ വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രവാസികളധികവും അറബ് നാടുകളിലാണുള്ളത്.
2012ൽ ഐക്യരാഷ്ട്രസഭ ഡിസംബർ പതിനെട്ടിന്ന് അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തപ്പോൾ ഇന്ത്യയിൽ ആദ്യമായി ഈ ദിനം സമുചിതമായി ആഘോഷിക്കാൻ ഫാറൂഖ് കോളെജിൽ നേതൃത്വം നൽകിയത് ഹുസൈൻ മടവൂർ ആയിരുന്നു. ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം പഠനവിധേയമാക്കാനും ശക്തിപ്പെടുത്താനും രൂപീകൃതമായ ഇന്തോ അറബ് ലീഗിൻ്റെ ദേശീയ സമിതി സെക്രട്ടരി ജനറൽ കൂടിയാണദ്ദേഹം. സൗദി അറേബ്യയിലെ കിങ് സൽമാൻ അറബി ഭാഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഭാഷാ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്ന അദ്ദേഹം
നിരവധി ആഗോള വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക്കോളെജ്, സൗദി അറേബ്യയിലെ മക്കാ ഉമ്മുൽഖുറാ യൂണിവേഴ്സിറ്റി, അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തിയ ഡോ.മടവൂർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
ഇന്ത്യയിൽ അറബി ഭാഷാ പഠനത്തിന് സർക്കാർ തലത്തിൽ വലിയ പ്രോത്സാഹനങ്ങളാണുള്ളതെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇക്കാര്യം ലോകത്തിൻ്റെ മുമ്പിൽ അവതരിപ്പിക്കാൻ സമ്മേളനം ഉപകാരപ്പെടും. ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന സ്കൂൾ സിലബസ്സുകളിൽ അറബി ഭാഷയുണ്ട്. യൂണിവേഴ്സിറ്റികളിലും കോളെജുകളിലും പി. എഛ്. ഡി തലം വരെ അറബി ഭാഷാ പഠനമുണ്ട്. കേരളത്തിൽ ആദ്യമായി ആരംഭിച്ച ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റിയിൽ ആദ്യ വർഷം തന്നെ ബി എ അറബിക്, എം എ അബിക്ക് , ബി എ അഫ്സലുൽ ഉലമ അറബിക് തുടങ്ങിയ കോഴ്സുകൾ തുടങ്ങിയതായി അറബിക് പി. ജി അക്കാദമിക് കമ്മിറ്റി ചെയർമാൻ കൂടിയായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ദുബൈ അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് കേരളത്തിലെ അറബിഭാഷാ പ്രേമികൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.