ജിദ്ദ: സൗദിയിൽ അങ്ങോളമിങ്ങോളമുള്ള കലാപ്രതിഭകളുടെ കൂട്ടായ്മയായ സൗദി കലാസംഘം കഴിഞ്ഞ ദിവസം ജിദ്ദയിൽ സംഘടിപ്പിച്ച ജിദ്ദാ ബീറ്റ്‌സ് 2024 ജിദ്ദയിലെ കലാപ്രേമികളുടെ മനസ്സിന് കുളിർമയേകി. ജിദ്ദ കണ്ട ഏറ്റവും മികച്ച കലാപ്രകടനങ്ങളായിരുന്നു അരങ്ങേറിയത്. പാട്ടും ഡാൻസും നാടകവും ഓട്ടൻ തുള്ളലും മിമിക്രിയുമായി രാത്രിയുടെ അന്ത്യയാമങ്ങളിലും ജനങ്ങൾ ആടിപ്പാടി ജിദ്ദയിലെ റിഹാബിലുള്ള ലയാലി അൽ നൂർ ഓഡിറ്റോറിയത്തെ ആവേശഭൂമികയാക്കിമാറ്റി.
ആറു വർഷം മുൻപ് സൗദിയിലെ കലാകാരന്മാരുടെ മനസ്സിൽ ഉരുത്തിരിഞ്ഞ, സൗദിയിലുള്ള എല്ലാ കലാപ്രതിഭകൾക്കും കൂടി ഒരു വേദി എന്ന ആശയത്തിന് ഗംഭീരവരവേൽപ്പാണ് സൗദി കലാസ്വാദകർ നൽകിയത്. കൊറോണാനന്തരം റിയാദിൽ നടത്തിയ റിയാദ് ബീറ്റ്‌സ് 2022 ന്റെ വിജയത്തിന് ശേഷം ജിദ്ദക്കാർക്കാണ് അടുത്ത അവസരം കിട്ടിയത്. ജിദ്ദയിലെ മികവുറ്റ സംഘാടകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത കലാകാരന്മാരെ നിരന്തരം പരിശീലിപ്പിച്ച് നീണ്ട ഒരുക്കങ്ങൾക്കൊടുവിലാണ് പരിപാടി അവതരിപ്പിക്കപ്പെട്ടത്. ആയിരങ്ങൾ പങ്കെടുത്ത ഈ സംഗീത രാവിന് ചുക്കാൻ പിടിക്കാൻ തബൂക്കിൽ നിന്നും ജിദ്ദയിലെത്തിയ സൗദി കലാസംഘത്തിന്റെ പ്രസിഡന്റായ റഹിം ഭരതന്നൂർ, ജിദ്ദയിലെ വേദികളിലെ സ്ഥിരം സാന്നിധ്യവും എസ്കെഎസിന്റെ രക്ഷാധികാരികളുമായ ഹസ്സൻ കൊണ്ടോട്ടി,നവാസ് ബീമാപ്പള്ളി എന്നിവരോടൊപ്പം ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ വിജേഷ് ചന്ദ്രു, സോഫിയ സുനിൽ ,റിയാദിൽ നിന്ന് സൗദി കലാസംഘത്തിന്റെ ട്രഷററും വിശ്രുത ഗായകനുമായ തങ്കച്ചൻ വയനാട് തുടങ്ങി നിരവധി പേരാണ് നേതൃത്വം നൽകിയത്.
റഹിം ഭരതന്നൂർ അധ്യക്ഷത വഹിച്ച ഉത്‌ഘാടനചടങ്ങിൽ മുഖ്യാതിഥിയും ഉത്‌ഘാടകനുമായെത്തിയത് ആതുരസേവനരംഗത്തെ പ്രമുഖനും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഉടമയുമായ വി പി മുഹമ്മദാലിയായിരുന്നു. ജെഎൻ എച്ച് ഗ്രൂപ്പിന്റെ പുതിയ ആശുപത്രിയുടെ പ്രഖ്യാപനവും ഈ ചടങ്ങിൽ വെച്ച് നിർവ്വഹിക്കുകയുണ്ടായി. തദവസരത്തിൽ ജിദ്ദ മീഡിയ ഫോറം ചെയർമാൻ കബീർ കൊണ്ടോട്ടി, മക്കയിൽ നിന്നും വന്ന .സാലിഹ് അൽ മലയ്ബാരി മലബാറി എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു .
റിയാദിൽ നിന്നെത്തിയ സജിൻ , ജിദ്ദയിലെ പ്രശസ്ത അവതാരകരായ റാഫി ബീമാപ്പള്ളി, നിസാർ മടവൂർ, ഡോക്ടർ ഇന്ദു ചന്ദ്ര എന്നിവർ പരിപാടി നിയന്ത്രിച്ചു. ജിദ്ദയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും അടക്കം വൻ ജനാവലിയായിരുന്നു പരിപാടി ആസ്വദിക്കാൻ എത്തിയത് എട്ടു മണിക്കൂർ നീണ്ട കലാപരിപാടികളിൽ പല ഭാഷകളിലായി അൻപതോളം ഗാനങ്ങളാണ് ആലപിച്ചത്. ജിദ്ദയിലെ പ്രശസ്ത ഗായിക സോഫിയും തീവണ്ടി ടീം ചേർന്ന് പഴയകാല മലയാളഗാനങ്ങൾ കോർത്തിണക്കി സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിൽ തീർത്ത മാഷപ്പ് കലാപ്രേമികൾക്ക് ഒരു നവ്യാനുഭവമായി.
ഫെനോം, ഗുഡ്ഹോപ്പ് എന്നീ നൃത്തവിദ്യാലയങ്ങളിലെയും ശ്രീത ടീച്ചറുടെയും വിദ്യാർഥികൾ അവതരിപ്പിച്ച ചടുലമായ നൃത്തച്ചുവടുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു. സുബൈർ ആലുവയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട ലഘുനാടകം ഹൃദയസ്പർശിയായി. ഫാസിൽ ഓച്ചിറയുടെ മിമിക്രിയും, ഹനീഫയുടെ ഓട്ടംതുള്ളൽ, റിയാദിൽ നിന്ന് വന്ന തങ്കച്ചൻ, ശബാന ദമ്മാമിൽ നിന്നെത്തിയ ശർമിത, ബുറൈദയിൽ നിന്ന് വന്ന സാദിഖ് എന്നിവരോടൊപ്പം ജിദ്ദയിലെയും മക്കയിലെയും ഒട്ടുമിക്ക ഗായകരും ചേർന്ന് അവതരിപ്പിച്ച ഗംഭീര സംഗീതസന്ധ്യ ജിദ്ദയുടെ മനം കവർന്നു. റിയാദിലെ പ്രശസ്ത നൃത്താധ്യാപകനായ വിഷ്ണുവും പരിപാടിയിൽ പങ്കെടുത്തു. ജിദ്ദയിൽ നിന്നും തൊഴിൽ മാറി ദമ്മാമിലേക്കു പോകുന്ന ജിദ്ദയുടെ പ്രിയ നർത്തകനും കോറിയോഗ്രാഫറുമായ അൻഷിഫ് അബൂബക്കറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി, സൗദി കലാസംഘത്തിന്റെ സ്വന്തം കലാകാരനായ അൻഷിഫ് ദമ്മാമിലും കോഓർഡിനേറ്റർ ആയി തുടരുമെന്ന് സംഘാടകർ അറിയിച്ചു. റാഫിൾ ഡ്രായിലൂടെ നിരവധി സമ്മാനങ്ങളും നൽകി.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം വയനാട്ടിൽ യാതനയനുഭവിക്കുന്ന ദുരിതബാധിതർക്കായി നീക്കി വെക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. ശബ്ദസജ്ജീകരണം ഇസ്മായിൽ ഇജ്‌ലുവും വെളിച്ചം അഷ്‌റഫ് വലിയോറയുമാണ് നിയന്ത്രിച്ചത്. തങ്കച്ചൻ വയനാട് നന്ദിയും പറഞ്ഞു