റിയാദ് – താല്‍ക്കാലിക തൊഴില്‍ വിസ കൂടുതല്‍ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമാവലി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. താല്‍ക്കാലിക തൊഴില്‍ വിസ, ഹജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസ നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ക്കും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കും അനുസൃതമായി താല്‍ക്കാലിക തൊഴില്‍ വിസകള്‍ പ്രയോജനപ്പെടുത്താന്‍ പരിഷ്‌കരിച്ച നിയമാവലി സ്വകാര്യ മേഖലക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
താല്‍ക്കാലിക വിസ അനുവദിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. വിസാ കാലാവധി തത്തുല്യ കാലത്തേക്ക്, അതായത് അധികമായി 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ നിയമാവലിയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നു. ഉംറ സീസണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ കൂടി നിയമാവലിയില്‍ പരിഗണിക്കുകയും താല്‍ക്കാലിക തൊഴിലാളികള്‍ക്കുള്ള ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ താല്‍ക്കാലിക തൊഴില്‍ വിസയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സീസണ്‍ തൊഴില്‍ വിസയുടെ പേര് ഹജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസയെന്നാക്കി മാറ്റി. ഹജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസയില്‍ രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് 180 ദിവസത്തില്‍ കവിയാത്ത നിലക്ക് ശഅബാന്‍ മാസം 15 മുതല്‍ മുഹറം അവസാനം വരെയായി ദീര്‍ഘിപ്പിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ പരിഷ്‌കരിച്ച നിയമാവലി പരിഗണിക്കുന്നു. തൊഴില്‍ കരാര്‍ കോപ്പി തൊഴിലാളിക്കും തൊഴിലുടമക്കും ലഭ്യമാക്കല്‍ നിയമാവലി നിര്‍ബന്ധമാക്കുന്നു. താല്‍ക്കാലിക തൊഴില്‍ വിസയില്‍ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. വിദേശങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ വഴി വിസ അനുവദിക്കുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കണം. ഈ വിസകള്‍ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുന്ന നിയമ ലംഘനങ്ങളും സമ്പ്രദായങ്ങളും തടയാന്‍ ലക്ഷ്യമിട്ട് നിയമ ലംഘകര്‍ക്കുള്ള ശിക്ഷകളും പരിഷ്‌കരിച്ച നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഭേദഗതികള്‍ 180 ദിവസത്തിനു ശേഷം പ്രാബല്യത്തില്‍ വരുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.