റിയാദ് – മലയാളികളുടെ പ്രിയപ്പെട്ട രുചിക്കൂട്ടുകളായ വിജയ് മസാല ബ്രാന്‍ഡ് സൗദി അറേബ്യയില്‍ ഇനി വിജയ് വര്‍ഗീസ് മൂലന് സ്വന്തം. സൗദി ട്രേഡ്മാര്‍ക്ക് അതോറിറ്റിക്കെതിരെ റിയാദ് കൊമേഴ്‌സ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് ഏറെ നാള്‍ നീണ്ട വാദത്തിനൊടുവില്‍ വിജയ് ബ്രാന്‍ഡിന്റെ ഉടമസ്ഥാവകാശം വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ വിജയ് വര്‍ഗീസ് മൂലന് അനുവദിച്ച് കോടതി ഉത്തരവിറക്കിയത്.
വിജയ് ബ്രാന്‍ഡിന്റെ ഉടമസ്ഥതയെ കുറിച്ചുള്ള തര്‍ക്കം വര്‍ഷങ്ങളായി സൗദി കൊമേഴ്‌സ്യല്‍ കോടതിയുടെ പരിഗണനയിലായിരുന്നു. വിജയ് വര്‍ഗീസ് മൂലനാണ് വിജയ് ബ്രാന്‍ഡിന്റെ യഥാര്‍ഥ അവകാശി എന്ന് സ്ഥിരീകരിച്ച കോടതി ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കൈവശം വെച്ചിരുന്ന ഉടമസ്ഥാവകാശം റദ്ദ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ്, സ്‌പൈസസ് സിറ്റി ഫുഡ് ട്രേഡിംഗ് എന്നിവക്ക് വിജയ് ബ്രാന്‍ഡുകള്‍ സൗദി വിപണിയില്‍ ഇനി വില്‍ക്കാനാവില്ല.
ഈ കമ്പനികള്‍ വിപണിയിലിറക്കുന്ന വിജയ് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയോ പ്രദര്‍ശിപ്പിക്കുകയോ കച്ചവടാവശ്യത്തിന് സൂക്ഷിക്കുകയോ ചെയ്യുന്നത് ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നിയമപ്രകാരം കുറ്റകരമാണ്. സൗദി അറേബ്യക്ക് പുറമെ യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ന്യൂസിലാന്റ്, ആസ്‌ട്രേലിയ, ബ്രിട്ടന്‍, നോര്‍ത്ത് അയര്‍ലന്റ് തുടങ്ങി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിജയ് മസാല ട്രേഡ്മാര്‍ക്കിന്റെ ഉടമസ്ഥാവകാശവും വിജയ് വര്‍ഗീസ് മൂലനാണ്.