റിയാദ് – കേളി കലാസാംസ്കാരിക വേദി അല്‍ഖര്‍ജ് ഏരിയയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ‘മിന കേളി സോക്കര്‍ 2024’ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാംവാര മത്സരങ്ങള്‍ പൂര്‍ത്തിയായി. രണ്ടാംവാര മത്സരത്തില്‍ മൂന്ന് ടീമുകള്‍ വിജയിച്ചതോടെ കഴിഞ്ഞ വാരത്തിലെ വിജയികളും രണ്ട് ബൈ ടീമുകളുമടക്കം എട്ട് ടീമുകളടങ്ങുന്ന ക്വാട്ടര്‍ ഫൈനല്‍ ടീം ലൈനപ്പായി. രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയില്‍ അല്‍ഖര്‍ജ് നൈറ്റ് റൈഡേഴ്സ് ഫുട്ബോള്‍ ക്ലബും ഫെഡ് ഫൈറ്റെഴ്സും തമ്മില്‍ ഏറ്റുമുട്ടി. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ഫെഡ് ഫൈറ്റേഴ്സ് വിജയിച്ചു.
കളിയുടെ അഞ്ചാം മിനുട്ടില്‍ ഫെഡ് ഫൈറ്റേഴ്സിന്റെ പതിനഞ്ചാം നമ്പര്‍ താരം വിഷ്ണു കോടുത്ത മനോഹരമായ പാസില്‍ പതിനൊന്നാം നമ്പര്‍ താരം മുര്‍ഷിദ് ആദ്യ ഗോളിന് തുടക്കം കുറിച്ചു. പിന്നീട് പതിനാറാമത്തെ മിനുട്ടിലും, മുപ്പത്തിഒന്നാമത്തെ മിനുട്ടിലും, മുപ്പത്തിആറാമത്തെ മിനുട്ടിലും മുര്‍ഷിദിന്റെ ബൂട്ടുകളിലൂടെ തുടരെ ഗോളുകള്‍ പിറന്നു ഇരുപത്തെട്ടാം മിനുട്ടില്‍ വിഷ്ണുവും ഒരു ഗോള്‍ നേടി. നാല് ഗോള്‍ നേടിയ ഫെഡ് ഫൈറ്റേഴ്സ് താരം മുര്‍ഷിദിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
രണ്ടാമത്തെ മത്സരത്തില്‍ കെന്റില്‍ നൈറ്റ് ട്രേഡിങ്ങ് കമ്പനി റിയല്‍ കേരള എഫ്സിയും സോഫ ഗ്രൂപ്പ് അല്‍ ഖര്‍ജും തമ്മിലുള്ള മത്സരത്തില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് റിയല്‍ കേരള എഫ്സി വിജയിച്ചു. കളി ആരംഭിച്ച് ആദ്യ ഏഴു മിനുട്ടിനുള്ളില്‍ റിയല്‍ കേരള മൂന്ന് ഗോളുകള്‍ നേടി വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.
മൂന്നാം മിനുട്ടിലും അഞ്ചാം മിനുട്ടിലും ആറാം നമ്പര്‍ താരം നജീബും, ഏഴാം മിനുട്ടില്‍ ഒന്‍പതാം നമ്പര്‍ താരം ഷഞ്ചുവും റിയല്‍ കേരളക്ക് വേണ്ടി ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ ഇറങ്ങിയ പതിനേഴാം നമ്പര്‍ താരം ഫാസില്‍ മുപ്പത്തി രണ്ടാം മിനുട്ടിലും മുപ്പത്തി നാലാംമിനുട്ടിലും രണ്ട് ഗോളുകള്‍ കൂടി നേടി റിയല്‍ കേരള എഫ്സി ക്വാട്ടര്‍ ഫൈനലില്‍ കടന്നു. മികച്ച പ്രകടനവും രണ്ട് ഗോള്‍ നേട്ടവും പരിഗണിച്ച് കേരള എഫ് സി താരം നജീബിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഡബ്ലുഎംഎഫും ഫാല്‍ക്കണ്‍ സ്റ്റാര്‍ എഫ്സി ഹോത്തയും തമ്മില്‍ മാറ്റുരച്ച അത്യന്തം വാശിയേറിയ മൂന്നാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡബ്ലുഎംഎഫ് വിജയിച്ചു.
ഡബ്ല്യൂഎംഎഫിന് വേണ്ടി മത്സരത്തിന്റെ അഞ്ചാം മിനുട്ടിലും പതിനൊന്നാം മിനുട്ടിലും ഇരുപത്തഞ്ചാം നമ്പര്‍ താരം ഫജറിന്റെ ബൂട്ടുകളിലൂടെ മനോഹരമായമായ രണ്ട് ഗോളുകള്‍ പിറന്നു. പതിനേഴാം മിനുട്ടില്‍ ഫാല്‍ക്കണ്‍ സ്റ്റാര്‍ എഫ് സി ഹോത്തയുടെ പതിനൊന്നാം നമ്പര്‍ താരം റാഫി മടക്കിയ ഗോളിലൂടെ കളിയുടെ ഗതി മാറി. തുടര്‍ന്ന് നടന്ന വീറുറ്റ പോരാട്ടത്തില്‍ ശക്തമായ ആക്രമണങ്ങളാണ് ഇരു കൂട്ടരും പുറത്തെടുത്തത്. തുടച്ചയായ അഞ്ച് സേവിങ്ങിലൂടെ ഡബ്ല്യൂഎംഎഫിന്റെ ഗോള്‍ വലയം കാത്ത സാബു ടീമിന്റെ രക്ഷകനായി. മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതും ഗോള്‍ കീപ്പറായ സാബുവിനെയായിരുന്നു.
കേളി രക്ഷാധികാരി അംഗങ്ങള്‍, മിന പ്രതിനിധികള്‍, കേളി ഏരിയ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ മൂന്ന് കളികളിലും കളിക്കാരുമായി പരിചയപ്പെട്ടു.റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷ്യനിലെ റഫറിമാരാണ് കളികള്‍ നിയന്ത്രിച്ചത്. ഒക്ടോബര്‍ മൂന്നിന് മൂന്നാം വാരത്തില്‍ ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.