- മേഖലയിലേക്ക് ആയിരക്കണക്കിന് സൈനികരെയും യുദ്ധവിമാനങ്ങളും അധികമായി അയക്കുമെന്ന് അമേരിക്ക
ജിദ്ദ – ദക്ഷിണ ലെബനോനില്‍ അതിര്‍ത്തി കടന്ന് ഇസ്രായില്‍ സൈന്യം ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കു നേരെ കരയാക്രമണത്തിന് തുടക്കം കുറിച്ചു. 2006 നു ശേഷം ആദ്യമായാണ് ഇസ്രായില്‍ സൈന്യം ലെബനോന്‍ അതിര്‍ത്തി കടന്ന് കരയാക്രമണം നടത്തുന്നത്. പരിമിതവും ലക്ഷ്യം നിര്‍ണയിച്ചതുമായ കരയാക്രമണമാണ് ആരംഭിച്ചതെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
കരയാക്രമണം ആരംഭിക്കുന്നതിനു മുന്നോടിയായി ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ലയുടെ ലക്ഷ്യങ്ങളും പശ്ചാത്തല സൗകര്യങ്ങളുമാണ് കരയാക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്രായില്‍ സുരക്ഷാ സേനാ ജനറല്‍ സ്റ്റാഫും നോര്‍ത്തേണ്‍ കമാന്‍ഡും ചേര്‍ന്ന് തയാറാക്കിയ പദ്ധതി അനുസരിച്ചാണ് ഗ്രൗണ്ട് ഓപ്പറേഷന്‍ നടത്തുന്നത്. അതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ സൈനിക വിഭാഗങ്ങള്‍ പരിശീലനത്തിലായിരുന്നു.
കരയുദ്ധത്തിന്റെ ഘട്ടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ തലത്തിലെ തീരുമാനത്തിന് അനുസൃതമായാണ് ഇത് നടപ്പാക്കുന്നത്. യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പോരാട്ടം തുടരുമെന്നും ഇസ്രായിലിലെ പൗരന്മാരെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധവിമാനങ്ങളുടെയും പാറ്റന്‍ ടാങ്കുകളുടെയും ശക്തമായ അകമ്പടിയോടെയാണ് ഇസ്രായില്‍ സൈന്യം അതിര്‍ത്തി കടന്നത്. ഇതിനു തൊട്ടു മുമ്പായി ലെബനീസ് സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങി. അതിര്‍ത്തിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കാണ് സൈന്യം പിന്‍വാങ്ങിയത്. ഇസ്രായില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അറിയിച്ചു. ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെടുന്നത്.
ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തത്ത് ഹിസ്ബുല്ലയുടെ കേന്ദ്രമായ മൂന്നു ഡിസ്ട്രിക്ടുകളില്‍ നിന്ന് താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ തിങ്കളാഴ്ച വൈകീട്ട് ഇസ്രായില്‍ ആവശ്യപ്പെട്ടിരുന്നു. കരയാക്രമണത്തിനു മുന്നോടിയായി ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ഫോസ്ഫറസ് ബോംബാക്രമണവും നടത്തി.
ഇസ്രായില്‍ സൈന്യം കരയാക്രമണത്തിന് തുടക്കം കുറിച്ചതോടെ ദക്ഷിണ ലെബനോന്‍ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി. ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ ഇതിനകം ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കരയാക്രമണത്തെ കുറിച്ച് ഇസ്രായില്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല ഇന്ന് പുലര്‍ച്ചെ അറിയിച്ചു. ഇന്നലെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 95 പേര്‍ കൊല്ലപ്പെടുകയും 172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ ഇസ്രായിലിനെ സഹായിക്കാന്‍ മധ്യപൗരസ്ത്യദേശത്തേക്ക് ആയിരക്കണക്കിന് സൈനികരെയും യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനുകളും അധികമായി അയക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എഫ്-15 സ്‌ട്രൈക് ഈഗിള്‍, എഫ്-16, എ-10, എഫ്-22 ഇനത്തില്‍ പെട്ട യുദ്ധ വിമാനങ്ങളും അവ പറത്താനും പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ സൈനികരെയും മേഖലയിലേക്ക് പുതുതായി അയക്കുമെന്ന് യു.എസ് പ്രതിരോധ മന്ത്രാലയം (പെന്റഗണ്‍) പറഞ്ഞു.