ജിദ്ദ. ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയും കുറയുന്നത് ആദ്യമാണ്. ഒന്നാം പാദത്തെ അപേക്ഷിച്ച് 0.5 ശതമാനവും, കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 1.4 ശതമാനവുമാണ് കുറഞ്ഞത്. തൊഴിലില്ലായ്മ നിരക്ക് 2030ഓടെ ഏഴു ശതമാനമാക്കി കുറക്കുക എന്ന ലക്ഷത്തോട് അടുക്കുകയാണ് രാജ്യം. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ ഈ ലക്ഷ്യത്തിലേക്ക് ആറു വർഷം കൂടി ബാക്കിയിരിക്കെയാണ് ഈ നേട്ടം.
സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 3.3 ശതമാനമായും കുറഞ്ഞു. ആദ്യ പാദത്തെ അപേക്ഷിച്ച് 0.2 ശതമാനവും മുൻ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് 0.8 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്.
സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ 1.4 ശതമാനം കുറവും രേഖപ്പെടുത്തി. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. സ്വദേശി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നു മാസത്തിനിടെ 0.2 ശതമാനവും ഒരു വര്‍ഷത്തിനിടെ 0.6 ശതമാനവും കറഞ്ഞു. രണ്ടാം പാദത്തില്‍ സ്വദേശി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നാലു ശതമാനമായി കുറഞ്ഞു.
രണ്ടാം പാദത്തില്‍ സൗദിയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ ത്രൈമാസത്തിൽ 11.7 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. ഇക്കാലയളവിലെ ആകെ വിദേശ നിക്ഷേപങ്ങള്‍ 19.7 ബില്യണ്‍ റിയാലാണ്.