- ലോക മുസ്‌ലിംകള്‍ ഹിസ്ബുല്ലക്കൊപ്പം നിലയുറപ്പിക്കണമെന്നും അലി ഖാംനഇ
ജിദ്ദ – ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും കടുത്ത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. നസ്‌റല്ല കൊല്ലപ്പെട്ടതോടെ തുടര്‍ നടപടികള്‍ നിര്‍ണയിക്കാന്‍ ഹിസ്ബുല്ലയുമായും മേഖലയിലെ തങ്ങളുടെ സഖ്യസംഘടനകളുമായും ഇറാന്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അതേസമയം, ഹിസ്ബുല്ലക്ക് വലിയ കോട്ടം തട്ടിക്കാന്‍ ഇസ്രായിലിന് സാധിക്കില്ലെന്ന്, നസ്‌റല്ലയുടെ വധം നേരിട്ട് സൂചിപ്പിക്കാതെ അലി ഖാംനഇ പറഞ്ഞു. സയണിസ്റ്റ് കുറ്റവാളികള്‍ വളരെ ചെറുതാണ്.
അവര്‍ക്ക് ലെബനോനിലെ ഹിസ്ബുല്ലക്ക് കാര്യമായ ദോഷം വരുത്താന്‍ കഴിയില്ല. മേഖലയിലെ മുഴുവന്‍ ചെറുത്തുനില്‍പ് ശക്തികളും ഹിസ്ബുല്ലക്കൊപ്പം നിലയുറപ്പിക്കുന്നു. ഈ മേഖലയുടെ വിധി തീരുമാനിക്കുന്നത് ഹിസ്ബുല്ലയുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ് പോരാളികളാണ്. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നിന്ന് പാഠം പഠിക്കാത്ത സയണിസ്റ്റ് ഭീകര സംഘത്തിന് ലെബനോന്‍ കനത്ത തിരിച്ചടി നല്‍കും. ലെബനോന്‍ അക്രമിയെയും ദുഷ്ട ശത്രുവിനെയും ഖേദിപ്പിക്കും. ലെബനോന്‍ ജനതക്കും ഹിസ്ബുല്ലക്കും ഒപ്പം നില്‍ക്കുകയും സയണിസ്റ്റ് ഭരണകൂടത്തെ നേരിടാന്‍ അവരെ പിന്തുണക്കുകയും ചെയ്യേണ്ടത് എല്ലാ മുസ്‌ലിംകളുടെയും കടമയാണ്. ലെബനോനില്‍ നിരായുധരായ ജനങ്ങളുടെ കൂട്ടക്കൊല, സയണിസ്റ്റ് ഭ്രാന്തന്‍ നായയുടെ ക്രൂരത എല്ലാവര്‍ക്കും മുന്നില്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയും സയണിസ്റ്റ് ഭരണകൂടത്തിന്റെ നേതാക്കളുടെ ഹ്രസ്വവും മണ്ടത്തരം നിറഞ്ഞതുമായ നയം തെളിയിക്കുകയും ചെയ്തതായും അലി ഖാംനഇ പറഞ്ഞു.
അതേസമയം, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടര്‍ ബ്രിഗേഡിയര്‍ അബ്ബാസ് നെല്‍ഫ്രൂശാന്‍ വെള്ളിയാഴ്ച വൈകീട്ട് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അലി ഖാംനഇയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.