- ആരോപണവിധേയൻ തന്നെ ബാഹ്യ ഇടപെടൽ ഇല്ലെന്ന് കണ്ടെത്തിയത് ബഹു കേമം!
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അഞ്ചുമാസങ്ങൾക്കു ശേഷം എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ അന്വേഷണ റിപോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പൂരം അലങ്കോലമായതിൽ ആരോപണവിധേയനായ ആൾ തന്നെ ‘പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന’ റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണുണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു. താനുള്ളപ്പോൾ പൂരം കലക്കാൻ പുറത്തുനിന്ന് ഒരാളുടെ ആവശ്യമില്ല എന്നാണോ എ.ഡി.ജി.പി ഉദേശിച്ചത് എന്നതും വ്യക്തമല്ല. എന്തായാലും ബഹു കേമമായിരിക്കുന്നു!
പക്ഷേ, പൂരം കലക്കിയ ഒരാളെയും ഞങ്ങൾ വെറുതെ വിടില്ല. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മിഷണറെ ബലിയാടാക്കി എ.ഡി.ജി.പി കൈകഴുകി. ഇതിനപ്പുറം ഒരു റിപോർട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. 1300 പേരുള്ള സചിത്ര ലേഖനമാണ് കൊടുത്തതെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെയും തൃശൂരിന്റെയും വികാരമാണ് തൃശൂർ പൂരം. കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നൽകിയ ഡീൽ ആണ് തൃശൂരിലെ ബി.ജെ.പി വിജയം. അതിനായി പൂരം കലക്കൽ അടക്കമുള്ള കുത്സിത പ്രവർത്തികളാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്തത്. അതിനാൽ, തൃശൂർ പൂരം കലക്കലും കരുവന്നൂർ ബാങ്ക് അന്വേഷണവുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കരുവന്നൂർ ബാങ്കിലെ അന്വേഷണം ഏതാണ്ട് അവസാനിച്ചു. പ്രമുഖ നേതാക്കളുടെ ചോദ്യം ചെയ്യലും അറസ്റ്റുമെല്ലാം ഉടനുണ്ടാകുമെന്ന ബഹളങ്ങളും അവസാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
എ.ഡി.ജി.പിയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരനെ പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അതോട് മുഖം തിരിക്കുകയായിരുന്നു.