ന്യൂഡൽഹി: കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ റിമാൻഡിലുള്ള കരാട്ടെ അധ്യാപകന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തളളി.
കേസിലെ മുഖ്യ പ്രതി മലപ്പുറം ജില്ലയിലെ വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലി(48)യുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ സുപ്രിം കോടതി ബഞ്ച് തള്ളിയത്.
കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ അന്വേഷണം നടക്കുകയും കരാട്ടെ പഠിപ്പിച്ച സിദ്ദീഖ് അലി തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും കുടുംബം ആവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 19-നാണ് 17-കാരിയെ ചാലിയാർ പുഴയിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നിരവധി പെൺകുട്ടികൾ പ്രതിക്കെതിരെ പീഡന പരാതിയുമായി രംഗത്തുവരികയും പോലീസ് ഇയാൾക്കെതിരേ ആറ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഈയിടെ പ്രതിക്കെതിരേ ജില്ല പോലീസ് മേധാവിയുടെ റിപോർട്ട് പ്രകാരം മലപ്പുറം ജില്ല കലക്ടർ വി.ആർ വിനോദ് കാപ കേസും ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരേ നേരത്തെയും പീഡന പരാതികൾ ഉയർന്നെങ്കിലും ഭീഷണിപ്പെടുത്തിയും മറ്റും പ്രതി ഇരകളോട് പിൻവലിപ്പിക്കുകയായിരുന്നു.