കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി കവിയൂർ പൊന്നമ്മ (79) അതീവ ഗുരുതരാവസ്ഥയിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണിപ്പോൾ.
നീണ്ട ആറു പതിറ്റാണ്ടു കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏക മകൾ ബിന്ദു നാട്ടിലെത്തിയിരുന്നു. ഇവർ കഴിഞ്ഞദിവസമാണ് യു.എസിലേക്ക് മടങ്ങിയത്. ഇളയ സഹോദരനും കുടുംബത്തിനും ഒപ്പമാണ് പൊന്നമ്മ കഴിയുന്നത്.
നാടകത്തിൽനിന്നും സിനിമയിലെത്തി മലയാളത്തിന്റെ അമ്മ മനസ്സായി വിശേഷിപ്പിക്കുന്ന താരം കൂടിയാണ് കവിയൂർ പൊന്നമ്മ. എഴുന്നൂറിൽ പരം സിനിമയിലാണ് പൊന്നമ്മ തകർത്താടി പ്രേക്ഷക ലക്ഷങ്ങളുടെ നിറഞ്ഞ കൈയടിയും ഒട്ടേറെ അവാർഡുകളും വാരിക്കൂട്ടിയത്. അസുഖം ഭേദമായി ഈ അമ്മ മനസ്സ് ജീവിതത്തിലേക്ക് തിരികെ എത്തണേ എന്ന പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും ചലച്ചിത്രലോകവും.