ജിദ്ദ – ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം 1,000 കിലോമീറ്റര്‍ സഞ്ചരിച്ച സൗദിയ വിമാനങ്ങള്‍ ഇന്ന് രാവിലെയോടെ റിയാദ് ബുളിവാര്‍ഡ് റണ്‍വേ ഏരിയയിലെത്തി. പതിനൊന്നു ദിവസമെടുത്താണ് വിമാനങ്ങള്‍ വഹിച്ച് കൂറ്റന്‍ ട്രക്കുകള്‍ ജിദ്ദയില്‍ നിന്ന് റിയാദിലെത്തിയത്. വിമാനങ്ങള്‍ റിയാദിലെത്തിക്കാന്‍ രണ്ടു മുതല്‍ മൂന്നാഴ്ച വരെ എടുക്കുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ വിമാനങ്ങളെ അനുഗമിച്ച സംഘം എല്ലാ വെല്ലുവിളികളും മറികടന്ന് വേഗത്തില്‍ ജോലി പൂര്‍ത്തിയാക്കി. റിയാദ് സീസണിന്റെ ഭാഗമായ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ റെസ്റ്റോറന്റുകളും വ്യാപാര കേന്ദ്രങ്ങളുമാക്കി പ്രവര്‍ത്തിപ്പിക്കാനും ഇന്ററാക്ടീവ് ആക്ടിവിറ്റികള്‍ക്ക് ഉപയോഗിക്കാനുമാണ് പഴയ സൗദിയ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റിയാദിലെത്തിച്ചത്.
ട്രക്കുകളിലുള്ള വിമാനങ്ങളുടെ സഞ്ചാരവുമായി പ്രതികരിക്കുന്ന പൊതുജനങ്ങള്‍ക്ക് പ്രഖ്യാപിച്ച ലക്ഷ്വറി കാറുകളില്‍ അവസാനത്തെ രണ്ടു കാറുകള്‍ക്ക് അര്‍ഹരായവരെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചു. വിമാനങ്ങള്‍ കടന്നുപോകുന്നതിനു സമീപം സൗദിയ വിമാനങ്ങളുടെ മോഡലുകള്‍ കൈയിലേന്തി നിലയുറപ്പിച്ച രണ്ടു സൗദി ബാലികമാര്‍ക്ക് കാറുകളില്‍ ഒന്ന് സമ്മാനിക്കും. പുരാതന സൗദി വേഷം ധരിച്ച് വിന്റേജ് കാറിനു സമീപം നിലയുറപ്പിച്ച് വിമാനങ്ങളുടെ സഞ്ചാരം ആഘോഷിച്ച രണ്ടു സൗദി യുവാക്കള്‍ക്ക് കാറുകളില്‍ ഒന്ന് സമ്മാനിക്കുമെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു. ഒമ്പതു കാറുകളുടെ വിജയികളെയാണ് ഇതുവരെ തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചത്.
വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നവര്ക്കും വിമാനങ്ങളുടെ സഞ്ചാരം ആഘോഷിക്കുന്ന പൊതുജനങ്ങള്‍ക്കും പത്തു ലക്ഷ്വറി കാറുകള്‍ സമ്മാനിക്കുമെന്ന് തുര്‍ക്കി ആലുശൈഖ് നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും മികച്ച ഫോട്ടോയും വീഡിയോകളുമെടുത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷ്വറി കാര്‍ സമ്മാനിക്കുമെന്നാണ് തുര്‍ക്കി ആലുശൈഖ് ആദ്യം അറിയിച്ചിരുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വന്‍ പ്രതികരണം കണക്കിലെടുത്ത് സമ്മാനം ആറു ലക്ഷ്വറി കാറുകളായി പിന്നീട് ഉയര്‍ത്തി. ഇത് പിന്നീട് പത്തു കാറുകളായി ഉയര്‍ത്തുകയായിരുന്നു.
വിമാനങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നത് കണ്ട് ആഹ്ലാദം പ്രകടിപ്പിച്ച് നൃത്തച്ചുവടുകള്‍ വെച്ച സൗദി വൃദ്ധനനും വിമാനങ്ങള്‍ക്കു സമീപം സൈനിക യൂനിഫോമിന് സമാനമായ വേഷവിധാനങ്ങളോടെ നിലയുറപ്പിച്ച് കൈവീശി അഭിവാദ്യം ചെയ്ത പിഞ്ചുബാലനും ഊന്നിവടി ഉയര്‍ത്തിപ്പിടിച്ച് വീശിക്കാണിച്ച് നടന്നുനീങ്ങി ആഹ്ലാദ പ്രകടനം നടത്തിയ സൗദി വൃദ്ധക്കും കാല് മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഊന്നുവടികളില്‍ വിമാനങ്ങള്‍ കടന്നുപോകുന്ന റോഡിനു സമീപം എത്തി സല്യൂട്ട് ചെയ്ത് അഭിവാദ്യമര്‍പ്പിച്ച സൗദി യുവാവിനും റിയാദിലേക്കുള്ള വിമാനങ്ങളുടെ സഞ്ചാരം സൗദി ദേശീയ പതാക വീശി ആഘോഷിച്ച സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരസവാരിക്കാരിയായ ബാലിക ജൂദിനും സഹോദരനും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ശത്രുവിന്റെ ആക്രമണത്തില്‍ മുട്ടിനു താഴെ കാല് നഷ്ടപ്പെട്ടതിനാല്‍ ഊന്നുവടിയുടെ സഹായത്തോടെ എത്തി ദേശീയ പതാക വീശിയും സല്യൂട്ട് ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ച സൈനികനും വിമാനം കടന്നുപോകുന്നതിനു സമീപം ഒട്ടകത്തോടൊപ്പം സാഷ്ടാംഗ പ്രണാമം (സുജൂദ്) നിര്‍വഹിച്ച സൗദി പൗരനും കാറുകള്‍ സമ്മാനിക്കുമെന്ന് തുര്‍ക്കി ആലുശൈഖ് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ഇത്തവണത്തെ റിയാദ് സീസണില്‍ പൊതുജനങ്ങള്‍ക്ക് 20 ലക്ഷ്വറി കാറുകള്‍ സമ്മാനിക്കും. എല്ലാ ആഴ്ചയിലും ഒരു കാര്‍ വീതമാണ് സമ്മാനിക്കുകയെന്നും സൗദികള്‍ക്കു മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും തുര്‍ക്കി ആലുശൈഖ് വ്യക്തമാക്കി
ക്യാപ്.
ട്രക്കുകളില്‍ കൊണ്ടുപോകുന്ന വിമാനങ്ങള്‍ക്കു സമീപം സൗദിയ വിമാനങ്ങളുടെ മോഡലുകള്‍ കൈകളിലേന്തി നിലയുറപ്പിച്ച ബാലികമാര്‍. വലത്ത്: