റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് ഗള്‍ഫ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തില്‍ ലഹരിക്കെതിരായ അവബോധം ശക്തിപ്പെടുത്തുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ദിനാചരണം. ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ബ്രോഷറുകള്‍ വിതരണം ചെയ്തു. ലഹരി എന്നത് മയക്കുമരുന്നില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ അമിത ഉപയോഗവും കുട്ടികളെ ലഹരിയുടെ മറ്റൊരു രൂപത്തിലേക്ക് നയിക്കുന്നുവെന്നും ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം കുടുംബത്തില്‍ നിന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവും ബോധവുമുള്ള സമൂഹമായ മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളിലെ കുട്ടികളില്‍ ലഹരിയുടെ വിവിധ രൂപങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ജയചന്ദ്രന്‍ പറഞ്ഞു.
റിയാദിലെ ഷോല മാള്‍ വഫാ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര ഉദ്ഘാടനം ചെയ്തു. ജിഎംഎഫ് ജിസിസി മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, വഫാ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍, സാമൂഹ്യപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സേനന്‍, ബഷീര്‍ അമ്പലായി, സേഫ് കായംകുളം, നാസര്‍ ലൈസ്, സജീര്‍ പെരുംകുളം, അഫ്‌സല്‍ കണ്ണൂര്‍ എന്നിവര്‍ ഒപ്പിട്ട് ലഹരിവിരുദ്ധ പ്രതിജ്ഞയില്‍ പങ്കാളികളായി. സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഒപ്പുവെച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.



