കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദുരന്തത്തില്‍ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. അതില്‍ വിവിധ കാര്യങ്ങള്‍ക്കു ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ കണക്കിനെ ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് തെറ്റായി അവതരിപ്പിക്കുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയില്‍ നല്‍കിയത്.
ഈ മെമ്മോറാണ്ടം ഉദ്ധരിച്ച് തെറ്റായ രീതിയില്‍ കണക്കുകളും ബില്ലുകളും സംസ്ഥാന സര്‍ക്കാര്‍ പെരിപ്പിച്ചുകാട്ടി എന്നുള്ള പ്രചാരണം സംസ്ഥാനത്തിന്റെ താത്പര്യത്തിനു എതിരാണ്.
ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണണം. എസ്ഡിആര്‍എഫ് മാനദണ്ഡമനുസരിച്ച് തയാറാക്കിയ അസസ്മെന്റ് പുഞ്ചിരിമട്ടം ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല. ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് അവകാശപ്പെടാവുന്ന തുകയുടെ ഏകദേശ കണക്കാണത്.
മെമ്മറോണ്ടം ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനു പ്രാഥമിക കണക്കുകളുടെയും തുടരുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തില്‍ തയാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ദുരന്ത പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് തയാറാക്കുന്ന നിവേദനമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.