ന്യൂയോർക്ക്: അമേരിക്കയുടെ മുൻ പ്രസിഡന്റും നിലവിൽ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിന് നേരെ വധശ്രമം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ തൻ്റെ കോഴ്‌സിൽ ഗോൾഫ് കളിക്കുന്നതിനിടെയാണ് ട്രംപിനെ വധിക്കാൻ തോക്കുധാരിയായ അക്രമി എത്തിയത്. ട്രംപ് കളിക്കുന്ന സ്ഥലത്തുനിന്ന് നൂറ് മീറ്റർ അകലെയുള്ള ഗോൾഫ് കോഴ്‌സിൻ്റെ പ്രോപ്പർട്ടി ലൈനിന് സമീപമുള്ള കുറ്റിക്കാട്ടിൽ വെച്ച് സീക്രട്ട് സർവീസ് ഏജൻ്റുമാർ തോക്കുധാരിയെ കണ്ടെത്തുകയായിരുന്നു. ഉടൻ അക്രമിയെ ലക്ഷ്യമിട്ട് പോലീസ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ചെയ്തു. എ.കെ 47 മാതൃകയിലുള്ള തോക്കും മറ്റും സംഭവസ്ഥലത്ത് ഉപേക്ഷിച്ച് വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടി.
ഹവായിയിൽ നിന്നുള്ള റയാൻ വെസ്ലി റൗത്ത് (58) ആണ് അക്രമിയെന്ന് പേര് വെളിപ്പെടുത്താത്ത നിയമപാലകരെ ഉദ്ധരിച്ച് സി.എൻ.എൻ, ഫോക്സ് ന്യൂസ്, ന്യൂയോർക്ക് ടൈംസ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ) സംഭവത്തെ പറ്റി പ്രതികരിക്കാൻ വിസമ്മതിച്ചു. അക്രമി കടുത്ത ഉക്രൈൻ പക്ഷപാതിയാണെന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. ഉക്രൈനിനെ യുദ്ധത്തിൽ സഹായിക്കുന്നതിനായി സൈനികരെ റിക്രൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന നിരവധി പോസ്റ്റുകളും കണ്ടെത്തി.
ഞായറാഴ്ച ഉച്ചക്ക് ഒന്നരക്കാണ് അക്രമിയെ ലക്ഷ്യമിട്ട് പോലീസ് വെടിവെപ്പ് നടത്തിയത്. തോക്കുധാരി തൻ്റെ റൈഫിളും രണ്ട് ബാഗുകളും മറ്റ് വസ്തുക്കളും ഉപേക്ഷിച്ച് കറുത്ത നിസ്സാൻ കാറിൽ രക്ഷപ്പെട്ടു. ഒരു ദൃക്‌സാക്ഷി തോക്കുധാരിയെ കണ്ടെത്തുകയും അയാളുടെ കാറിൻ്റെയും ലൈസൻസ് പ്ലേറ്റിൻ്റെയും ഫോട്ടോയെടുക്കുകയും ചെയ്തു. ഇതാണ് അക്രമിയെ പെട്ടെന്ന് പിടികൂടാൻ സഹായിച്ചത്. ഗോൾഫ് കോഴ്‌സിൽ നിന്ന് 65 കിലോമീറ്റർ അകലെ വെച്ചാണ് പ്രതിയെ പിടികൂടിയത്. സംഭവത്തെ കുറിച്ച് പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പ്രതികരിച്ചു.
“അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ല,” ഹാരിസ് ഒരു എക്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ് വലതു ചെവിക്ക് നിസാര പരിക്കേറ്റ് രണ്ട് മാസത്തിന് ശേഷമാണ് ട്രംപിന് നേരെ വീണ്ടും വധശ്രമം ഉണ്ടായത്. നവംബർ 5-ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാമത്തെ വധശ്രമവും രാഷ്ട്രീയ പ്രചാരണത്തിന് കളമൊരുക്കും.