ജിദ്ദ – റിയാദ് സീസണിന്റെ ഭാഗമായ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കാന്‍ ജിദ്ദയില്‍ നിന്ന് കൂറ്റന്‍ ട്രക്കുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്ന സൗദിയ വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച മത്സരത്തില്‍ വിജയികള്‍ക്ക് പ്രഖ്യാപിച്ച ലക്ഷ്വറി കാറുകള്‍ക്ക് അര്‍ഹരായ മൂന്നു പേരെ കൂടി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ഫോട്ടോയും വീഡിയോകളുമെടുത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷ്വറി കാര്‍ സമ്മാനിക്കുമെന്നാണ് തുര്‍ക്കി ആലുശൈഖ് ആദ്യം അറിയിച്ചിരുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വന്‍ പ്രതികരണം കണക്കിലെടുത്ത് സമ്മാനം ആറു ലക്ഷ്വറി കാറുകളായി പിന്നീട് ഉയര്‍ത്തുകയായിരുന്നു. ഇതില്‍ പെട്ട ഒരു ലക്ഷ്വറി കാര്‍ വിമാനങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നത് കണ്ട് ആഹ്ലാദം പ്രകടിപ്പിച്ച് പരമ്പരാഗത സൗദി നൃത്തരൂപമായ അര്‍ദ നൃത്തച്ചുവടുകള്‍ വെച്ച വൃദ്ധനായ സൗദി പൗരന് സമ്മാനിക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി ആലുശൈഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാറുകള്‍ സമ്മാനിക്കുന്ന മൂന്നു പേരെ കൂടി തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചത്.
ട്രക്കുകളില്‍ കൊണ്ടുപോകുന്ന വിമാനങ്ങള്‍ക്കു സമീപം സൈനിക യൂനിഫോമിന് സമാനമായ വേഷവിധാനങ്ങളോടെ നിലയുറപ്പിച്ച് കൈവീശി അഭിവാദ്യം ചെയ്ത പിഞ്ചുബാലനും ഊന്നിവടി ഉയര്‍ത്തിപ്പിടിച്ച് വീശിക്കാണിച്ച് നടന്നുനീങ്ങി അഭിവാദ്യം പ്രകടിപ്പിക്കുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്ത സൗദി വൃദ്ധക്കും കാല്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഊന്നുവടികളില്‍ വിമാനങ്ങള്‍ കടന്നുപോകുന്ന റോഡിനു സമീപം എത്തി സല്യൂട്ട് ചെയ്ത് അഭിവാദ്യമര്‍പ്പിച്ച യുവാവിനും കാറുകള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഇനി രണ്ടു കാറുകള്‍ കൂടിയാണ് ശേഷിക്കുന്നത്.
ഇതില്‍ ഒരു കാര്‍ ഏറ്റവും മനോഹരമായ ഫോട്ടോയും വീഡിയോയും എടുത്ത് വിജയിയാകുന്നയാള്‍ക്ക് സമ്മാനിക്കുമെന്ന് തുര്‍ക്കി ആലുശൈഖ് ആദ്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു കാര്‍ പൊതുജനങ്ങളില്‍ പെട്ടവര്‍ക്കാണോ അതല്ല, ഏറ്റവും മികച്ച ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കാണോ സമ്മാനിക്കുക എന്ന കാര്യം വ്യക്തമല്ല.
വിമാനങ്ങള്‍ റിയാദ് പ്രവിശ്യയില്‍ പെട്ട അഫീഫ് പിന്നിട്ടിട്ടുണ്ട്. വിമാനങ്ങള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം സ്വദേശികള്‍ കൂട്ടത്തോടെ പുറത്തിറങ്ങി അസാരണ സംഭവത്തിന് സാക്ഷികളാവുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷ്വറി കാര്‍ മോഹിച്ച് നിരവധി പേര്‍ വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കാനും മത്സരിക്കുന്നുണ്ട്.
കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ ബോയിംഗ് 777 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കാന്‍ കൂറ്റന്‍ ട്രക്കുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്നത്. അഞ്ചു വര്‍ഷത്തിലേറെ മുമ്പ് സൗദിയ സര്‍വീസില്‍ നിന്ന് അകറ്റിനിര്‍ത്തിയ ബോയിംഗ് 777-200 ഇ.ആര്‍ ഇനത്തില്‍ പെട്ട വിമാനങ്ങളാണ് റിയാദ് സീസണിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും നഗരവാസികള്‍ക്കും നവ്യാനുഭവം സമ്മാനിക്കാന്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നത്. ബുളിവാര്‍ഡിലെ ഏറ്റവും വലിയ വിനോദ പദ്ധതിയുടെ പ്രൊമോഷന്‍ കാമ്പയിനിന്റെ ഭാഗമായാണ് വിമാനങ്ങള്‍ ചിത്രീകരിക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്.