ജിദ്ദ – ഫിലാഡെല്‍ഫി കോറിഡോര്‍ അടക്കം ഗാസയില്‍നിന്ന് ഇസ്രായില്‍ പൂര്‍ണമായും പിന്‍വാങ്ങണമെന്ന് ഫലസ്തീന്‍ പ്രശ്‌നം വിശകലനം ചെയ്യാന്‍ ചേര്‍ന്ന മാഡ്രിഡ് യോഗം ആവശ്യപ്പെട്ടു. റഫ ക്രോസിംഗിന്റെ ഫലസ്തീന്‍ ഭാഗത്തും അതിര്‍ത്തിയില്‍ ബാക്കി ഭാഗങ്ങളിലും ഫലസ്തീന്‍ അതോറിറ്റിക്ക് പൂര്‍ണ നിയന്ത്രണം തിരികെ നല്‍കണമെന്നും യോഗം പുറത്തിറക്കിയ സമാപന പ്രഖ്യാപനം ആവശ്യപ്പെട്ടു. ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കാനുള്ള ഏക മാര്‍ഗം എന്നോണം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ സംയുക്ത പ്രതിബദ്ധത അനിവാര്യമാണ്. വെസ്റ്റ് ബാങ്കില്‍ ആക്രമണങ്ങള്‍ അപകടകരമായ രീതിയില്‍ വര്‍ധിച്ചതിനെ പ്രസ്താവന അപലപിച്ചു.
ഫലസ്തീനികള്‍ക്കെതിരായ സൈനിക ആക്രമണങ്ങള്‍ ഇസ്രായില്‍ ഉടനടി അവസാനിപ്പിക്കണം. നിയമ വിരുദ്ധവും ഏകപക്ഷീയവുമായ നടപടികളും കുടിയേറ്റ കോളനി നിര്‍മാണവും നിര്‍ബന്ധിത കുടിയിറക്കലും അപലപനീയമാണ്. ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും തുരങ്കം വെക്കും. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നിറവേറ്റുകയും സ്ഥിരതയും സുരക്ഷയും സമാധാനവും സഹകരണവും ശക്തമാക്കുകയും ചെയ്യുന്ന നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കണം. അറബ് സമാധാന പദ്ധതി അടക്കമുള്ള മാനദണ്ഡങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്നും മാഡ്രിഡ് യോഗം ആവശ്യപ്പെട്ടു.
സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ ചേര്‍ന്ന യോഗത്തില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഏതാനും ഇസ്‌ലാമിക്, യൂറോപ്യന്‍ വിദേശ മന്ത്രിമാരും പങ്കെടുത്തു. നോര്‍വേ, സ്ലോവേനിയ, അയര്‍ലന്റ്, സ്‌പെയിന്‍ വിദേശ മന്ത്രിമാരും യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ പോളിസി മേധാവി ജോസപ് ബോറെലും ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയും ഗാസ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ രൂപീകരിച്ച അറബ്, ഇസ്‌ലാമിക് കോണ്‍ടാക്ട് ഗ്രൂപ്പ് അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദാന്‍, ഇന്തോനേഷ്യ, നൈജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് അറബ്, ഇസ്‌ലാമിക് കോണ്‍ടാക്ട് ഗ്രൂപ്പിലുള്ളത്.
വാക്കുകളുടെ ഘട്ടത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനും യു.എന്നിലേക്കുള്ള ഫലസ്തീന്‍ പ്രവേശനം മുതല്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ വ്യക്തമായ ടൈംടേബിളിലേക്ക് നീങ്ങാനും പങ്കാളികള്‍ക്ക് വ്യക്തമായ സന്നദ്ധതയുണ്ടെന്ന് സ്പാനിഷ് വിദേശ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസ് പറഞ്ഞു. കോണ്‍ടാക്ട് ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതിനാലാണ് ഇസ്രായിലിനെ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത്. സമാധാനവും ദ്വിരാഷ്ട്ര പരിഹാരവും വിശകലനം ചെയ്യുന്ന ഏതു മേശയിലും ഇസ്രായിലിനെ കാണുന്നതില്‍ സന്തോഷമുണ്ടാകുമെന്നും സ്പാനിഷ് വിദേശ മന്ത്രി പറഞ്ഞു.
ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ വ്യക്തമായ സമയക്രമം നിശ്ചയിക്കണമെന്ന് സ്‌പെയിന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഗാസ യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീനികള്‍ക്കും ഇസ്രായിലികള്‍ക്കുമിടയിലെ അനന്തമായ അക്രമത്തിന് അന്ത്യമുണ്ടാക്കാനും ഞങ്ങള്‍ മറ്റൊരു ശ്രമം നടത്തുകയാണ്. സമാധാനത്തിലേക്കുള്ള പാത വ്യക്തമാണ്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുക എന്നതാണ് ഏക പോംവഴി – സ്പാനിഷ് വിദേശ മന്ത്രി പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനത്തിന് അന്താരാഷ്ട്ര സമൂഹം നിര്‍ണായകമായ ഒരു ചുവടുവെപ്പ് നടത്തണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഗാസയും വെസ്റ്റ് ബാങ്കും ഉള്‍പ്പെട്ട ഏകീകൃത ഫലസ്തീന്‍ രാഷ്ട്രത്തെ സ്‌പെയിനും നോര്‍വെയും അയര്‍ലന്റും മെയ് 28 ന് അംഗീകരിച്ചിരുന്നു.
ഇതോടെ യു.എന്നില്‍ അംഗത്വമുള്ള 193 രാജ്യങ്ങളില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 146 ആയി. 1991 മാഡ്രിഡ് സമ്മേളനത്തിലും 1993, 1995 ഓസ്‌ലോ കരാറുകളിലുമാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍ വര്‍ഷങ്ങളായി സമാധാന പ്രക്രിയ നിര്‍ജീവമായി കിടക്കുകയാണ്. ഗാസയില്‍ ഇസ്രായിലും ഹമാസും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രധാന്യം കൈവരിച്ചിട്ടുണ്ട്. 1967 ലെ അറബ്, ഇസ്രായില്‍ യുദ്ധത്തിലാണ് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഇസ്രായില്‍ കീഴടക്കി അധിനിവേശം സ്ഥാപിച്ചത്. അന്നു മുതല്‍ വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം വ്യാപകമാക്കിയത് ഫലസ്തീന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. 1980 ല്‍ കിഴക്കന്‍ ജറൂസലം നിയമ നിര്‍മാണത്തിലൂടെ ഇസ്രായില്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.
മാഡ്രിഡ് യോഗത്തോടനുബന്ധിച്ച് സൗദി വിദേശ മന്ത്രിയും സ്പാനിഷ് വിദേശ മന്ത്രിയും പ്രത്യേകം കൂടിക്കാഴ്ച നടത്തി വിശദമായ ചര്‍ച്ച നടത്തി. ഗാസ പ്രശ്‌നത്തില്‍ ഏകോപനം നടത്തല്‍, ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍, 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇക്കാര്യങ്ങള്‍ മുന്നോട്ടുവെക്കാന്‍ നടത്തുന്ന തയാറെടുപ്പുകള്‍, ഗാസ യുദ്ധം അടക്കം മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങള്‍, സൗദി അറേബ്യയും സ്‌പെയിനും തമ്മിലുള്ള ബന്ധങ്ങളും സഹകരണങ്ങളും കൂടുതല്‍ ശക്തമാക്കല്‍ എന്നിവയെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.