കൽപ്പറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ പരുക്കേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായ ജെൻസൺ ആണ് മരിച്ചത്.
വെന്റിലേറ്ററിലായിരുന്ന ജെൻസന്റെ മരണം ഇന്ന് രാത്രി 8.55-ഓടെയാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. അപകടത്തിൽ കാലിന് പരുക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.
ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ഉരുൾപൊട്ടൽ ദുരന്തം. ഇതിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടുമൊരു ദുരന്തവാർത്തയുണ്ടായിരിക്കുന്നത്. ഇന്നലെ വൈകുന്നേരം കോഴിക്കോട്ടുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ്, കൽപ്പറ്റ വെള്ളാരംകുന്നിൽ വച്ച് ജെൻസണും ശ്രുതിയും സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ ജെൻസന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി മണിക്കൂറുകൾക്കകമാണ് ജെൻസൺ പ്രിയപ്പെട്ടവരുടെയെല്ലാം പ്രാർത്ഥനകൾ വിഫലമാക്കി, ശ്രുതിയെ തനിച്ചാക്കി യാത്രയായത്. ശ്രുതി അടക്കം വാനിൽ ഉണ്ടായിരുന്ന ഏഴുപേർക്കും ബസ്സിലുണ്ടായിരുന്ന രണ്ടുപേർക്കുമാണ് പരുക്കേറ്റത്.