ശ്രീനഗർ: ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഇന്ത്യൻ എയർഫോഴ്‌സിലെ വനിതാ ഫ്‌ളൈയിംഗ് ഓഫീസർ, വിംഗ് കമാൻഡർക്കെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ബുദ്ഗാം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തു. കേസിനെക്കുറിച്ച് അറിയാമെന്നും പോലീസ് ശ്രീനഗറിലെ ഇന്ത്യൻ എയർഫോഴ്സിനെ സമീപിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികാരികളുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഇന്ത്യൻ എയർഫോഴ്സ് അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി താൻ പീഡനവും ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് ഫ്ലൈയിംഗ് ഓഫീസർ പരാതിയിൽ പറയുന്നു.
പരാതിയിൽനിന്ന്.
2023 ഡിസംബർ 31-ന് ഓഫീസർമാരുടെ മെസ്സിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിയിൽ, തനിക്ക് സമ്മാനം ലഭിച്ചോ എന്ന് സീനിയർ ഉദ്യോഗസ്ഥൻ ആരാഞ്ഞു. ഇല്ലെന്ന് പറഞ്ഞപ്പോൾ, സമ്മാനങ്ങൾ തൻ്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിംഗ് കമാൻഡർ മുറിയിലേക്ക് കൊണ്ടുപോയി. കുടുംബം എവിടെയാണെന്ന് ചോദിച്ചപ്പോൾ അവർ മറ്റെവിടെയോ ആണെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
സീനിയർ ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ച് ഓറൽ സെക്‌സ് ചെയ്ത് പീഡിപ്പിച്ചു. ഒടുവിൽ അയാളെ തള്ളിയിട്ടാണ് ഞാൻ രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തതായി ഫ്ലൈയിംഗ് ഓഫീസർ പറഞ്ഞു. ഞാൻ ഭയപ്പെട്ടു, എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഈ സംഭവത്തിന് ശേഷം
അയാൾ എൻ്റെ ഓഫീസ് സന്ദർശിച്ചു. ഒന്നും സംഭവിക്കാത്തത് പോലെയാണ് അയാൾ പെരുമാറിയത്, പശ്ചാത്താപത്തിൻ്റെ ഒരു ലക്ഷണവും അയാളിൽ ഇല്ലായിരുന്നു-യുവതി പറഞ്ഞു.
മറ്റ് രണ്ട് വനിതാ ഓഫീസർമാരുമായി ഞാൻ ഇക്കാര്യം പങ്കുവെച്ചു. അവരാണ് പരാതി നൽകാൻ പ്രേരിപ്പിച്ചത്. സൈന്യത്തിൽ ചേർന്ന, അവിവാഹിതയായ ഒരു പെൺകുട്ടി എന്ന നിലയിൽ എന്നോട് നിന്ദ്യമായ രീതിയിൽ പെരുമാറിയതിന്റെ മാനസിക വേദന എനിക്ക് വിവരിക്കാൻ കഴിയില്ല- ഉദ്യോഗസ്ഥ പരാതിയിൽ പറഞ്ഞു. പരാതിയെ തുടർന്ന് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചു. മൊഴി രേഖപ്പെടുത്താൻ ഈ വർഷം ജനുവരിയിൽ വിങ് കമാൻഡറെ രണ്ടുതവണ തന്നോടൊപ്പം ഇരുത്തി. മുതിർന്ന ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തെ താൻ എതിർക്കുകയും ചെയ്തു. എന്നാൽ അഡ്മിനിസ്ട്രേഷൻ പിഴവ് എന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്- യുവതി പറഞ്ഞു.
തുടർന്ന് ഇൻ്റേണൽ കമ്മിറ്റിക്ക് പുതിയ പരാതി നൽകുകയും രണ്ട് മാസത്തിന് ശേഷം യോഗം ചേരുകയും ചെയ്തു. ലൈംഗിക കുറ്റവാളിയെ സഹായിക്കാനാണ് അധികാരികൾ ശ്രമിച്ചത്. അവരുടെ പക്ഷപാതം എനിക്ക് ഹൃദയഭേദകമായിരുന്നു. പലതവണ നിർബന്ധിച്ചിട്ടും വൈദ്യപരിശോധന നടത്തിയില്ല. ഇന്റേണൽ കമ്മിറ്റിയും അവരുടെ ജോലി ശരിയായി ചെയ്തില്ല. എല്ലാവരും ലൈംഗിക കുറ്റവാളിയെ സഹായിക്കുകയായിരുന്നു. ഇടക്കാലാശ്വാസത്തിനും നിരവധി തവണ ലീവിനും അഭ്യർത്ഥിച്ചെങ്കിലും ഓരോ തവണയും എനിക്ക് ലീവ് നിരസിക്കപ്പെട്ടു. ഇവരുമായി ഇടപഴകാനും എന്നെ ദുരുപയോഗം ചെയ്യുന്നയാളോടൊപ്പം പരിപാടികളിൽ പങ്കെടുക്കാനും ഞാൻ നിർബന്ധിതയായി. അയാൾ ഇതെല്ലാം ആസ്വദിക്കുമ്പോൾ ഞാൻ അധികാരികളുടെ കൈകളാൽ അനുദിനം ഉപദ്രവിക്കപ്പെടുകയായിരുന്നു. ദൃക്‌സാക്ഷി ഇല്ലെന്ന് പറഞ്ഞ് മെയ് മാസത്തിൽ അന്വേഷണം അവസാനിപ്പിച്ചെന്ന് ഇൻ്റേണൽ കമ്മിറ്റി പറഞ്ഞു.
തുടർച്ചയായ മാനസിക പീഡനവും സാമൂഹിക ബഹിഷ്‌കരണവും എനിക്ക് അനുഭവിക്കേണ്ടി വന്നു. എൻ്റെ സ്വകാര്യ ആശയവിനിമയങ്ങൾ അനൗദ്യോഗികമായി നിരന്തരം നിരീക്ഷിക്കപ്പെടുകയും ചെയ്തു. ഞാൻ സംസാരിക്കുന്ന വ്യക്തികളെ അധികാരികൾ ഉപദ്രവിച്ചു. നിരന്തരമായ പീഡനം തൻ്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഞാൻ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്, മുഴുവൻ സമയവും നിരീക്ഷണത്തിന് കീഴിൽ, എൻ്റെ സാമൂഹിക ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. പീഡനം എന്നെ ആത്മഹത്യാ ചിന്തകളിലേക്ക് നയിച്ചു. എൻ്റെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് ഞാൻ. എൻ്റെ സാമൂഹിക ഇടപെടലുകൾ അധികാരികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.