കോഴിക്കോട്: മലബാറിന്റെ വാണിജ്യ വികസനത്തിന് പുത്തൻ കുതിപ്പേകാൻ വ്യവസായ പ്രമുഖനും മലയാളത്തിന്റെ നന്മമുഖവുമായ പത്മശ്രീ എം.എ യൂസഫലിയുടെ ഓണസമ്മാനം. ചരിത്രമുറങ്ങുന്ന, മതസൗഹാർദ്ദത്തിന്റെ ഭൂമികയായ കോഴിക്കോടിന് ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവം പകരുംവിധമാണ് ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാൾ തുറന്നിരിക്കുന്നത്.
പ്രാദേശിക വികസനത്തിന് കൈത്താങ്ങായി കോഴിക്കോട് മിംസ് ആശുപത്രിക്കടുത്ത് മാങ്കാവിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാൾ യാഥാർത്ഥ്യമാക്കിയത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ലുലു മാൾ സജ്ജീകരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മുതൽ ഉപഭോക്താകൾക്ക് മാളിൽ പ്രവേശിക്കാനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
ഹാപ്പിനെസ് സൂചിക ഉയർത്താൻ നഗരസഭയ്ക്ക് കരുത്താകും- മേയർ ഡോ. ബീന ഫിലിപ്പ്
കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടുതൽ ഐടി കമ്പനികൾ ഉൾപ്പടെ കോഴിക്കോട് എത്തുന്നതിന് ലുലുവിന്റെ ഇത്തരം പ്രൊജക്ടുകൾ വലിയ സഹായമാകുമെന്നും പുതിയ തലമുറയുടെ ആവശ്യകത കൂടിയാണ് ലുലു മാൾ നിറവേറ്റുന്നതെന്നും മേയർ അഭിപ്രായപ്പെട്ടു. ഹാപ്പിനെസ് ഇൻഡെക്‌സ് ഉയർത്താനുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് പുതിയ ലുലു മാളെന്നും അവർ ചൂണ്ടിക്കാട്ടി.
ലുലു തുറന്നിട്ടത് മികച്ച സാധ്യതകൾ; വികസനത്തിന് കരുത്തേകും, എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പടെ നഗരത്തിലെ 12 റോഡുകൾക്ക് 1300 കോടി രൂപ അനുവദിച്ചതായി മന്ത്രി
പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി. മലബാറിന്റെ വാണിജ്യ വികസന മുന്നേറ്റത്തിന് യൂസഫലി നൽകുന്ന പിന്തുണയുടെ നേർസാക്ഷ്യമാണ് പുതിയ മാൾ എന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ജോലി കൂടി നൽകിയാണ് ലുലു പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഒപ്പം മികച്ച ടൂറിസ്റ്റ് ഡെസിറ്റിനേഷൻ സാധ്യത കൂടിയാണ് ലുലു തുറന്നിരിക്കുന്നത്. ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പടെ നഗരത്തിലെ 12 റോഡുകൾക്ക് സിറ്റി ഇമ്പ്രൂവ്‌മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ അനുവദിച്ചതായും കോഴിക്കോടിന്റെ വികസനപ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന എം.എ യൂസഫലിയുടെ പദ്ധതികൾക്ക് സർക്കാർ മെറിറ്റ് അടിസ്ഥാനത്തിൽ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ആധുനിക നഗര വികസനത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പ് – പി.കെ കുഞ്ഞാലിക്കുട്ടി
ലുലുവിന്റെ വരവ് ഒരുപാട് പേർക്ക് തൊഴിൽ മാത്രമല്ല, ആധുനിക നഗരവികസനത്തിലേക്കുള്ള കോഴിക്കോടിന്റെ വലിയൊരു ചവിട്ടുപടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് നഗരം വലിയൊരു പ്ലാൻഡ് സിറ്റി ആക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂസഫലി മലയാളികളെ മറക്കുന്നില്ല എന്നത് ഏറെ അഭിമാനകരം – കെ സുരേന്ദ്രൻ
പലരും ഇവിടെ ബിസ്‌നസ്സ് തുടങ്ങാതെ സംസ്ഥാനത്തിനും രാജ്യത്തിന് പുറത്തേക്കും പോകുമ്പോൾ യൂസഫലി മലയാളികളെ മറക്കുന്നില്ല എന്നത് ഏറെ അഭിമാനകരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. നാടിന്റെ വികസനത്തിനും പുരോഗതിക്കും ചൂണ്ടുപലകയായി ഇത് മാറും. ഇന്ത്യയിലെ വിവിധയിടങ്ങളിൽ ലുലു കൈവരിച്ച വിജയം കോഴിക്കോടിനും പ്രതീക്ഷ പകരുന്നതാണ്. തിരുവനന്തപുരവും കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ അതിനനുസരിച്ച വികസനം കോഴിക്കോടിന് ഉണ്ടായിട്ടില്ലെന്നും ലുലുവിന്റെ തന്നെ കൊച്ചി മാളിനോളം ഈ മാൾ എത്തിയിട്ടില്ലെന്ന് തോന്നുന്നുവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തും കൊച്ചിയിലേതും പോലെ കോഴിക്കോടിന്റെ വാണിജ്യവികസനം വേഗത്തിലാക്കാൻ ലുലുവിന്റെ പദ്ധതികൾക്ക് കഴിയുമെന്നും കാലിക്കറ്റ് എയർപോർട്ട് ഉൾപ്പെടെയുള്ളവയുടെ വികസനത്തിൽ സത്വര ശ്രദ്ധ ഉണ്ടാവേണ്ടതുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ എം.കെ രാഘവൻ എം.പിക്കു വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ ജയന്ത് ആശംസാ സന്ദേശം വായിച്ചു. മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ നാസർ, കൗൺസിലർ എൻ.സി മോയിൻകുട്ടി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ എം.എ നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി ആൻഡ് സി.ഇ.ഒ അദീബ് അഹമ്മദ്, ഐ.ടി സംരംഭകൻ ഷരൂൺ ഷംസുദ്ധീൻ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്‌സ്, പി.കെ ഗ്രൂപ്പ് ചെയർമാൻ പി.കെ അഹമ്മദ്, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസൽ ഗഫൂർ തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സഫലമാകുന്നത് മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ 800 കോടിയുടെ പദ്ധതി
800 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ലുലു മാളിലൂടെ കോഴിക്കോട് മാങ്കാവിൽ യാഥാർത്ഥ്യമായിരിക്കുന്നത്. രണ്ടായിരം പേർക്കാണ് ഇവിടെ പുതിയ തൊഴിലവസരം ലഭ്യമായിട്ടുള്ളത്. മാങ്കാവിൽ മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് ലുലു മാൾ ഒരുക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുക. അഞ്ച് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ച് ഏറ്റവും സുഗമമായ ഷോപ്പിങ്ങാണ് ലുലു ഇവിടെ ഉറപ്പാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും ലുലുവിൽ സജ്ജമാണ്.
ഒന്നര ലക്ഷം സ്‌ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മികച്ച ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ്. മുൻനിര ബ്രാൻഡഡ് ഉൽപന്നങ്ങൾ മുതൽ മലബാറിലെ കാർഷിക മേഖലയിൽ നിന്നുള്ള പഴം, പച്ചക്കറി, പാൽ ഉൽപന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ലോകത്തെ വിവിധ കോണുകളിൽ നിന്നുമുള്ള വ്യത്യസ്തമായ ഉൽപന്നങ്ങൾ മികച്ച ഗുണനിലവാരത്തോടെ മിതമായ നിരക്കിലാണ് ഇവിടെ ലഭ്യമാവുക.
പലവ്യഞ്ജനങ്ങൾ, മത്സ്യം, ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ്, ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും പുതുമയാർന്ന ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക.
ഇതിന് പുറമെ, ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫൺടൂറ കുട്ടികളുടെ പ്രിയപ്പെട്ട ഇടമാകും. പതിനായിരം സ്‌ക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘ഫൺടൂറ’ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ് സോണായി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത. 500-ൽ അധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന വിധമാണ് ഫുഡ് കോർട്ട് സജ്ജീകരിച്ചത്. കെ.എഫ്.സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിൻ റോബിൻസ്, ഫ്‌ലെയിം ആൻ ഗോ, സ്റ്റാർബക്‌സ് തുടങ്ങി പതിനാറിലേറെ ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകളാണ് സജ്ജീകരിച്ചത്. ടിസോട്ട്, സ്‌കെച്ചേർസ്,സ്വാ ഡയമണ്ട്‌സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എൽപി, അലൻ സോളി, പോഷെ സലൂൺ, ലെൻസ് ആൻഡ് ഫ്രെയിംസ് ഉൾപ്പടെ അമ്പതോളം അന്താരാഷ്ട്ര ബ്രാൻഡുകളുടെ സ്റ്റോറുകളുമുണ്ട്. 1800 വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
കോട്ടയം, തിരൂർ, പെരിന്തൽമണ്ണ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ലുലു ഗ്രൂപ്പിന്റെ കൂടുതൽ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകും. കൂടാതെ ചെന്നൈ, അഹമ്മദാബാദ്, ഗുരുഗ്രാം തുടങ്ങിയ മെട്രോ നഗരങ്ങളിലും വലിയ പദ്ധതികളാണ് ലുലു വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ബെംഗ്ലൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവടങ്ങൾക്ക് പുറമേയാണ് കോഴിക്കോടും ലുലു ഷോപ്പിങ് വാതിൽ തുറന്നിരിക്കുന്നത്. തമിഴ്‌നാട്, ഗുജറാത്ത്, ജമ്മു കശ്മീർ അടക്കം രാജ്യത്തെ വിവിധയിടങ്ങളിലായി മാൾ, ഹൈപ്പർമാർക്കറ്റ്, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങൾ ഉൾപ്പടെ വിപുലമായ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ഇന്ത്യ നടപ്പാക്കുന്നത്.
കോഴിക്കോടിനായി വലിയൊരു സ്വപ്‌ന പദ്ധതി; പക്ഷേ, ഒരു കണ്ടീഷനുണ്ടെന്ന് എം.എ യൂസഫലി
- 25,000 പേർക്ക് ജോലി ചെയ്യാവുന്ന സൈബർ ട്വിൻ ടവറും യാഥാർത്ഥ്യമാക്കും
കോഴിക്കോട്: പുതുതായി ആരംഭിച്ച ലുലുമാൾ വിജയകരമാണെന്നു കണ്ടാൽ കോഴിക്കോട്ട് വലിയൊരു മാൾ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ പത്മശ്രീ എം.എ യൂസഫലി. ഈ മാളിനെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് നോക്കിയാവും കോഴിക്കോട്ടെ അടുത്ത സ്വപ്ന പദ്ധതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ജില്ലകളിലും മാളുകൾ തുറക്കുന്നതു സംബന്ധിച്ച് സാധ്യതാപഠനം നടത്തും. അടുത്ത മാൾ കോട്ടയത്തു തുറക്കും. നിയമത്തിനുള്ളിൽ നിന്നാണ് ലുലു എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കേരളം നമ്പർ വൺ ആണ്. ആ നിലയ്ക്ക് ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരേണ്ടതുണ്ട്. തൊഴിലവസരങ്ങൾ ഉണ്ടാവേണ്ടതുണ്ട്. കൂടുതൽ പദ്ധതികൾ വരുമ്പോഴാണ് ഭാവി തലമുറയ്ക്ക് കൂടുതൽ ഗുണകരമായി തീരുക. 25,000 ആളുകൾക്ക് ജോലി ചെയ്യാവുന്ന സൈബർ ട്വിൻ ടവർ കേരളത്തിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാർദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങിന്റെ ആമുഖ ഭാഷണത്തിൽ വ്യക്തമാക്കി. വലിയൊരു വാണിജ്യ നഗരമായ കോഴിക്കോടിനെ മികച്ച നഗരാസൂത്രണമുള്ള സിറ്റിയായി ആധുനീകരിക്കേണ്ടതുണ്ട്. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമായി കാണണം. മികച്ച നിലവാരത്തിലുള്ള ഹോട്ടൽ കോഴിക്കോട് യാഥാർത്ഥ്യമാക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയിൽ വലിയ പദ്ധതികൾ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിന് വേണ്ട എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണത്തിരക്ക്; മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങളുമായി സിറ്റി ട്രാഫിക് പോലീസ്
കോഴിക്കോട്: ഓണത്തിരക്കും ലുലുമാളിന്റെ ഉദ്ഘാടനവും പ്രമാണിച്ച് മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
മാങ്കാവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിൽ മാളിന് മുന്നിൽ ആദ്യം കാണുന്ന ഒന്നാം നമ്പർ ഗേറ്റ് വഴി സർവ്വീസ് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. രണ്ടാമത്തെ ഗേറ്റ് വഴിയാണ് പൊതുജനങ്ങൾക്ക് മാൾ കോമ്പോണ്ടിലേക്കുള്ള പ്രവേശനം. അതുവഴി പ്രവേശിക്കുന്നവർ നേരെ പാർക്കിംഗ് ഗ്രൗണ്ടിലേക്കാണ് പോകേണ്ടത്.
വളയനാട് ഭാഗത്ത് നിന്നും, സിറ്റി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വളയനാട് റൗണ്ട് എബൗട്ടിൽ തിരിഞ്ഞു ഗേറ്റ് നമ്പർ 3 വഴി അകത്ത് പ്രവേശിക്കാം.
ഗേറ്റ് നാലും അഞ്ചും പുറത്തേക്ക് ഇറങ്ങാൻ മാത്രമാണ് അനുവദിക്കുക.
നാലാം ഗേറ്റ് വഴി വലത്തോട് തിരിഞ്ഞാണ് മാങ്കാവ്, മീഞ്ചന്ത, രാമനാട്ടുകര ഭാഗത്തേക്ക് വാഹനങ്ങൾ പോകേണ്ടത്. അഞ്ചാം നമ്പർ ഗേറ്റ് വഴിയാണ് സിറ്റി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പുറത്ത് കടക്കാനാകുക.
മീഞ്ചന്ത ഭാഗത്ത് നിന്നും സിറ്റി, മാനഞ്ചിറ, പാളയം, വലിയങ്ങാടി, റെയിൽവെ, ബീച്ച് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മാങ്കാവിൽ നിന്നും ഇടത് തിരിഞ്ഞു ഫ്രാൻസിസ് റോഡ് വഴി പോകാനാകും.
ദേശീയ പാത എൻ.എച്ച് 66-ലേക്കും പൊറ്റമ്മൽ, കുതിരവട്ടം, തൊണ്ടയാട്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വളയനാട് ഗോവിന്ദാപുരം റോഡ് വഴിയും പോകാൻ കഴിയുമെന്നും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.