കോട്ടക്കൽ- അനധികൃത പണപ്പിരിവ് നടത്തി കോട്ടക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ മുൻ എസ്.പി സുജിത് ദാസ് കെട്ടിടം നിർമ്മിച്ചതായി പി.വി അൻവർ എം.എൽ.എ. കോട്ടക്കൽ പോലീസ് സ്റ്റേഷനിലെത്തി കെട്ടിടം പരിശോധിച്ച ശേഷമാണ് അൻവർ പത്രസമ്മേളനം നടത്തിയത്. സർക്കാരിന്റെ നേരിട്ടുള്ള ഒരു അനുമതിയും ഇല്ലാതെയാണ് കെട്ടിടം നിർമ്മിച്ചത്. ചില പൊതുപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചത് അനുസരിച്ചാണ് കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പോലീസ് സ്റ്റേഷനിൽ ഉത്തരവാദപ്പെട്ടവരില്ല.
റൈറ്റർ കരിപ്പൂർ വിമാനതാവളത്തിൽ പോയി എന്നാണ് പറഞ്ഞത്. വിമാനത്താവളം ഇപ്പോഴും പോലീസുകാരന്റെ ഇഷ്ടകേന്ദ്രമാണ്. സുജിത് ദാസിന്റെ കാന്തിക വലയം ഇപ്പോഴും നിലനിൽക്കുകയാണ്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമായ കോട്ടക്കലിൽനിന്ന് വൻ തുക പിരിച്ചെടുക്കാനാണ് സർക്കാറിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചത്. ആളുകളിൽനിന്ന് കോടികളാണ് ഇതിന്റെ മറവിൽ സുജിത് ദാസ് പിരിച്ചെടുത്തത്. എ.ഡി.ജി.പി അജിത് കുമാറിന്റെ ശിഷ്യനായി കള്ളക്കടത്തിന് കൂട്ടുനിന്നതിന്റെ സ്മാരകമായാണ് കെട്ടിടം നിർമ്മിച്ചത്.
കഴിഞ്ഞ മൂന്നരകൊല്ലമായി പോലീസ് സ്റ്റേഷനുകളെ ക്രിമിനൽ കേന്ദ്രമാക്കി മാറ്റുകയാണ് അജിത് കുമാറും സുജിത് ദാസും ചെയ്തത്. ഒരു സംസ്ഥാനത്തും നടക്കാത്ത രീതിയിലാണ് കേരളത്തിൽ പോലീസിൽ നടക്കുന്നത്. സ്വർണ്ണക്കടത്ത് ഒരു ഭാഗത്ത്, എസ്.പി ഓഫീസിലെ മരം മുറിച്ചു കടത്തൽ മറ്റൊരു ഭാഗത്തും. കളവിന്റെ മനോഭാവമുള്ള ഉദ്യോഗസ്ഥനാണ് സുജിത്ദാസ്. പോലീസ് സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട അഴിമതിയും അന്വേഷിക്കണം. അജിത് കുമാറിന് സസ്പെൻഷനല്ല, ജയിലിൽ ആകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. പോലീസിലെ അഴിമതി വളരെ ഗൗരവത്തോടെ സർക്കാർ എടുത്തിട്ടുണ്ടെന്നും പി.വി അൻവർ പറഞ്ഞു.