ഭോപ്പാല്‍: ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തില്‍ നിന്ന് ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. മോഷണം കഴിഞ്ഞ ശേഷം മതില് ചാടുന്നതിനിടെ പരിക്കേറ്റ പ്രതി ബോധരഹിതനായി കിടക്കുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് പിടിയിലാവുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 1 ഞായറാഴ്ചയാണ് സംഭവം. വിനോദ് യാദവ് എന്ന പ്രതി ടിക്കറ്റ് എടുത്ത് മ്യൂസിയത്തില്‍ പ്രവേശിച്ചു. ശേഷം വൈകുന്നേരം മ്യൂസിയം അടയ്ക്കുന്നത് വരെ ഗോവണിക്ക് പിന്നില്‍ ഒളിച്ചിരുന്നു. മ്യൂസിയം അവധി ദിവസമായ തിങ്കളാഴ്ച, ഗുപ്ത കാലഘട്ടം മുതല്‍ മുഗള്‍ കാലഘട്ടം വരെയുള്ള 200ലധികം സ്വര്‍ണ്ണ, വെള്ളി നാണയങ്ങളും മറ്റ് പുരാവസ്തുക്കളും പ്രതി മോഷ്ടിച്ചു. ശേഷം മ്യൂസിയത്തിന്റെ 25 അടി മതില് തുരന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ് പരിക്കേല്‍ക്കുന്നത്.
ചൊവ്വാഴ്ച മ്യൂസിയം തുറന്നപ്പോള്‍ തകര്‍ന്ന പൂട്ടുകളും, സ്വര്‍ണ്ണം, വെള്ളി പുരാവസ്തുക്കളും മറ്റ് സാമഗ്രികള്‍ക്കൊപ്പം നാണയങ്ങളും അടങ്ങിയ ഒഴിഞ്ഞ പെട്ടികളും കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് മ്യൂസിയം പരിസരത്ത് തിരച്ചില്‍ നടത്തവെയാണ് മതിലിന് സമീപം പരിക്കേറ്റ നിലയില്‍ പ്രതിയെ കണ്ടെത്തിയത്.
98 സ്വര്‍ണ്ണ, ലോഹ നാണയങ്ങള്‍, വിവിധ വലുപ്പത്തിലുള്ള 75 വെള്ളി നാണയങ്ങള്‍, 38 ചെമ്പ് നാണയങ്ങള്‍, ഒരു സ്വര്‍ണ്ണ മെഡല്‍, ഏകദേശം 15 കോടി രൂപ വിപണി മൂല്യമുള്ള 12 മിക്സഡ് മെഡലുകള്‍ എന്നിവ അടങ്ങിയ ഒരു ബാഗും ഇയാളില്‍ നിന്ന് കണ്ടെടുത്തു.