റിയാദ്- സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ അല്‍ നസ്ര്‍ ക്ലബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറം പാങ്ങ് ചന്തപ്പറമ്പ് സ്വദേശി മുഹമ്മദ് റാസിനിനെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. സൗദി ഫുട്‌ബോള്‍ ക്ലബ്ബില്‍ അംഗമാകുന്ന ആദ്യമലയാളിയായ ഈ പന്ത്രണ്ടുകാരന്‍ കഴിഞ്ഞ ദിവസം മുതല്‍ അല്‍നസറിന്റെ ജൂനിയര്‍ ടീമില്‍ പരിശീലനം തുടങ്ങിയിരിക്കുകയാണ്.
റിയാദ് ബദീഅയില്‍ ആഗസ്റ്റ് 26ന് തിങ്കളാഴ്ച നടന്ന മത്സരത്തിനൊടുവിലാണ് മുഹമ്മദ് റാസിന്‍ സെലക്ട് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച മുതല്‍ പരിശീലനം തുടങ്ങുകയും ചെയ്തു. താദിഖില്‍ ജോലി ചെയ്യുന്ന ഷാജഹാന്റെയും നസ്‌ലയുടെയും മകനാണ് മുഹമ്മദ് റാസിന്‍. താദിഖില്‍ പിതാവ് അംഗമായ യൂത്ത് ഇന്ത്യ ഫുട്‌ബോള്‍ ക്ലബ്ബും പ്രാദേശിക സൗദി ക്ലബ്ബും തമ്മിലുള്ള സൗഹൃദമത്സരത്തിനിടെ റിയാദ് നാദി ക്ലബ്ബിലെ പരിശീലകനായ അബ്ദുല്ല സാലിഹ് എന്ന സൗദി പൗരനാണ് മുഹമ്മദ് റാസിനിന്റെ മികവ് കണ്ട് അല്‍റസ്‌റിലെ സെലക്ഷന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.
റിയാദില്‍ ജനിച്ച മുഹമ്മദ് റാസ് സ്വദേശമായ പാങ്ങ് ചന്തപ്പറമ്പിലെ എഫ് ആര്‍ സി ക്ലബ്ബിലാണ് കളിച്ചുതുടങ്ങിയത്. പിന്നീട് പാങ്ങിലെ ലെഗന്‍സ് ക്ലബ്ബിന്റെ കളിക്കാരനായി. കോട്ടൂര്‍ എകെഎം സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. പഞ്ചാബ് മിനര്‍വയിലും കളിക്കാന്‍ അവസരം ലഭിച്ചു. പിതാവിന്റെയടുത്ത് സന്ദര്‍ശക വിസയിലെത്തിയപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. റാസിന്റെ പിതാവ് ഷാജഹാന്‍ റിയാദിലെ മുന്‍കാല ക്ലബായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കളിക്കാരനായിരുന്നു. ഇപ്പോള്‍ അല്‍ഹസയിലെ സോക്കര്‍ ഹുഫൂഫ് ടീമിന്റെ മാനേജറാണ്. സഹോദരങ്ങള്‍: മുഹമ്മദ് റെബിന്‍, മുഹമ്മദ് റയ്യാന്‍.
യു എഫ് സി റിയാദിനു വേണ്ടി ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ, മന്‍സൂര്‍ തിരൂര്‍ എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് റാസിനെ മൊമെന്റോ നല്‍കി ആദരിച്ചു. ശൗലിഖ്, ബാവ ഇരുമ്പുഴി, ജസീം, ചെറിയാപ്പു മേല്‍മുറി, നൗഷാദ് കോട്ടക്കല്‍, ഫൈസല്‍ പാഴൂര്‍, നൗഷാദ് കോട്ടക്കല്‍, റഷീദ്, ഉമ്മര്‍, സലിം ഒറ്റപ്പാലം, ജാഫര്‍ ചെറുകര, അനീസ് പാഞ്ചോല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.