തായിഫ് – സൗദി കാര്‍ റാലി ഡ്രൈവര്‍ മാസിന് ഹിജാസി തായിഫ് അല്‍ശഫ ചുരം റോഡില്‍ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗതയില്‍ കൊടുംവളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട മാസിന് ഹിജാസിയുടെ കാര്‍ റോഡ് സൈഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ച് കയറി നില്‍ക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് കാര്‍ താഴെ കൊക്കയിലേക്ക് പതിക്കാതിരുന്നത്.
സമീപത്തായി റാലിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ കാര്‍ നിയന്ത്രണം വിട്ടത് കണ്ട് വേഗത്തില്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഓഗസ്റ്റ് 29 മുതല്‍ 31 വരെ നീണ്ടുനിന്ന സൗദി ടൊയോട്ട ഹില്‍ ക്ലൈംബ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിന് തായിഫിലാണ് തുടക്കമായത്. തങ്ങളുടെയും കാറുകളുടെയും കഴിവുകള്‍ക്കുള്ള വെല്ലുവിളിയായി മുഹമ്മദിയ ചുരംറോഡിന്റെ ഉയരങ്ങള്‍ കയറാനുള്ള മത്സരത്തില്‍ കാര്‍ ഡ്രൈവര്‍മാര്‍ തമ്മിലുള്ള കടുത്ത മത്സരത്തിന് ഈ റൗണ്ട് സാക്ഷ്യംവഹിച്ചു. ഇതിനിടെയാണ് മാസിന് ഹിജാസിയുടെ കാര്‍ അപകടത്തില്‍ പെട്ടത്.