മലപ്പുറം- കേരള പോലീസിനും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ശശിധരനും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും എതിരെ വീണ്ടും രൂക്ഷമായ അഭിപ്രായപ്രകടനവുമായി പി.വി അൻവർ എം.എൽ.എ. മുഖ്യമന്ത്രി പങ്കെടുത്ത മലപ്പുറം ജില്ലയിലെ അരീക്കോട് മണ്ഡലം നവകേരള സദസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തുവെന്നും ഇത് എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും അൻവർ കുറ്റപ്പെടുത്തി. സി.പി.എം പ്രവർത്തകർക്ക് നേരെ കൊടുംക്രൂരതയാണ് പോലീസ് ചെയ്യുന്നതെന്നും അൻവർ പറഞ്ഞു.
അരീക്കോട് മണ്ഡലം നവകേരള സദസിന് സമീപം പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ യുറ്റ്യൂബറുമായി ഉന്തും തള്ളുമുണ്ടായ സംഭവത്തിൽ നിരവധി സിപി.എം. പ്രവർത്തകർക്ക് നേരെ പോലീസ് കേസെടുത്തുവെന്നും ഇത് എസ്.പിയുടെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്നും അൻവർ കുറ്റപ്പെടുത്തി.
ലോകത്തുള്ള സകല വകുപ്പുകളും ചേർത്താണ് 11 സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പ്രതി ചേർത്തത്. മുഖ്യമന്ത്രി തന്നെ നേരിട്ട് മാധ്യമങ്ങളോട് വിശദീകരണം നൽകിയ കേസിലാണ് അരീക്കോട് പോലീസ് ഈ നെറികേട് കാണിച്ചതെന്നും ദിവസങ്ങളോളം കള്ളക്കേസിൽ ഈ യുവാക്കൾ ജയിലിൽ കഴിയാനിടയായെന്നും അൻവർ ആരോപിച്ചു.
ലോ ആൻഡ് ഓർഡർ ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ നിന്നുള്ള കർശ്ശന നിർദ്ദേശം നടപ്പാക്കി എന്നാണ് എസ്.പി പറയുന്നത്. ഇതൊക്കെയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ മനുഷ്യരാണ് നമ്മുടെ പാർട്ടിയുടെയും സർക്കാരിന്റെയും അടിത്തറ.അവർ നടത്തിയ പ്രവർത്തനങ്ങളാണ് നമ്മളെ അധികാരത്തിൽ എത്തിച്ചത് എന്ന ഉറച്ച ബോധ്യമെനിക്കുണ്ട്. അപ്പോളാണ് പോലീസ് മേലാളന്മാരുടെ പ്രത്യേക താൽപര്യപ്രകാരം ഈ പാവങ്ങൾക്ക് കള്ളകേസിൽ പ്രതിയാകേണ്ടി വന്നത്. ജയിലിൽ കഴിയേണ്ടി വന്നത്. അവർക്കൊപ്പം തന്നെയാണ്.ഇനിയായാലും അവരെ ചേർത്ത് പിടിക്കാൻ തന്നെയാണ് തീരുമാനം. ചുമരുണ്ടെങ്കിലേ ആർക്കും ചിത്രമെഴുതാൻ കഴിയൂവെന്നും അൻവർ വ്യക്തമാക്കി.
അതേസമയം, പി.വി അൻവറുമായുള്ള ടെലിഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് നേരത്തെ മലപ്പുറത്ത് ജില്ലാ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന സുജിത് ദാസിനോട് അവധിയിൽ പ്രവേശിക്കാൻ ഡി.ജി.പി ആവശ്യപ്പെട്ടു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സുജിത് ദാസ് ആരോപണം ഉന്നയിച്ചിരുന്നു.