റിയാദ് – സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് റിയാദിൽ ഇന്ന് പാലക്കാട് സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിയത്. കേസിന്റെ വിശദാംശങ്ങൾ 2021 ജൂലൈ ആറിന് മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തം സ്പോൺസറായ സൗദി പൗരനെ കൊലപ്പെടുത്തി വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിലേക്കിടുകയായിരുന്നു ഇയാൾ ചെയ്തത്. പാലക്കാട് ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63)ആണ് വധശിക്ഷ നടപ്പാക്കിയത്. സ്പോൺസറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെയാണ് പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്.
മറ്റു കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് സൗദി പൗരനെ ഹൗസ് ഡ്രൈവറായ അബ്ദുൽ ഖാദർ അബ്ദുറഹ്മാൻ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും വീട്ടിൽ തിരിച്ചെത്തിയപ്പോൾ സൗദി പൗരനെ കാണുന്നുണ്ടായിരുന്നില്ല. മക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് ഡ്രൈവറോട് വിവരമന്വേഷിച്ചെങ്കിലും സ്പോൺസറെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീട്ടീലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സൗദി പൗരൻ കാറിൽ വീട്ടിൽ തിരിച്ചെത്തിയതായി വ്യക്തമായി. എന്നാൽ കാറിൽ നിന്ന് സൗദി പൗരൻ പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് കാറുമായി ഡ്രൈവർ പുറത്തുപോവുകയും അൽപ സമയത്തിനു ശേഷം നടന്ന് വീട്ടിലെത്തുകയും ചെയ്തതായും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. തുടർന്ന് സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ഡ്രൈവർ വെളിപ്പെടുത്തിയത്. തർക്കത്തെ തുടർന്ന് സ്പോൺസറെ ശിരസ്സിന് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും തലക്ക് അടിയേറ്റ സൗദി പൗരൻ തൽക്ഷണം മരണപ്പെട്ടതായും ഡ്രൈവർ കുറ്റസമ്മതം നടത്തി.
കുറ്റകൃത്യം മറച്ചുവെക്കാൻ മൃതദേഹം വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളി ടാങ്കിന്റെ മൂടി അടക്കുകയും തുടർന്ന് സ്പോൺസറുടെ കാർ വീട്ടിൽ നിന്ന് ദൂരെ കൊണ്ടുപോയി പാർക്ക് ചെയ്ത് മൊബൈൽ ഫോണും മറ്റു വസ്തുക്കളും കാറിൽ ഉപേക്ഷിച്ച് അത്താഴം കഴിക്കാൻ താൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ ഡ്രൈവർ വെളിപ്പെടുത്തി. എട്ടു വർഷമായി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു പാലക്കാട് സ്വദേശി. പത്തുവർഷത്തോളമായി ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നില്ല.