ചാമ്പ്യന്മാരായ സൗദി ടീം ഫാല്‍ക്കണ്‍സിന് ലഭിച്ചത് 70 ലക്ഷം ഡോളര്‍
റിയാദ് – പ്രഥമ ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് മത്സരങ്ങള്‍ക്ക് റിയാദില്‍ പ്രൗഢോജ്വല സമാപനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചാമ്പ്യന്മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ച്ചയായ എട്ടു ആഴ്ചകളില്‍ ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് 1,500 പ്രൊഫഷനല്‍ കളിക്കാരെയും 500 ഓളം ടീമുകളെയും ആകര്‍ഷിച്ചു. ഇ-സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായി ടൂര്‍ണമെന്റ് മാറി. സൗദി ഹീറോകളായ ടീം ഫാല്‍ക്കണ്‍സ് ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് ക്ലബ്ബ് ചാമ്പ്യന്മാരായി കിരീടമണിഞ്ഞു.
കോള്‍ ഓഫ് ഡ്യൂട്ടി: വാര്‍ സോണ്‍, ഫ്രീ ഫയര്‍ ചാമ്പ്യന്‍ഷിപ്പുകളിലെ ഒന്നാം സ്ഥാനങ്ങള്‍ ഉള്‍പ്പെടെ 12 ടൂര്‍ണമെന്റുകളിലായി 5,665 പോയിന്റുകള്‍ നേടി ടീം ഫാല്‍ക്കണ്‍സ് മൊത്തം 70 ലക്ഷം ഡോളര്‍ സമ്മാനത്തുക നേടി. രണ്ട് ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പുകളും ആറ് ടോപ്പ് ഫിനിഷുകളും ഉള്‍പ്പെടുന്ന അസാധാരണമായ കാമ്പയിനില്‍ വിജയത്തിലേക്ക് കുതിച്ച ടീം ഫാല്‍ക്കണ്‍സിന്റെ ചെയര്‍മാന്‍ മുസാഅദ് അല്‍ദോസരി 70 ലക്ഷം ഡോളറും ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും കരസ്ഥമാക്കി. അവാര്‍ഡ് സമര്‍പ്പണത്തിനു ശേഷം വേള്‍ഡ് കപ്പില്‍ ഉടനീളം വിജയിച്ച കളിക്കാരെ ആദരിച്ചു.
ഈ വിജയം ഇ-സ്‌പോര്‍ട്‌സ് മേഖലയില്‍ സൗദി അറേബ്യയുടെ അസാധാരണ കഴിവിന് അടിവരയിടുന്നു.
22 ടൂര്‍ണമെന്റുകളിലും 21 ടൈറ്റിലുകളിലുമായി വിജയികള്‍ക്ക് ആകെ ആറു കോടി ഡോളര്‍ ക്യാഷ് പ്രൈസുകള്‍ സമ്മാനിച്ചു. ഇ-സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണത്തിനും 2024 ന്യൂ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സും ഉള്‍പ്പെട്ട പരിപാടികളോടെയാണ് ഇ-സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചത്.
ലോകമെമ്പാടുമുള്ള കളിക്കാര്‍, ആരാധകര്‍, ഗെയിം ഡെവലപ്പര്‍മാര്‍, പ്രസാധകര്‍ എന്നിവരെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ചുകൊണ്ടുവരികയും ഇ-സ്‌പോര്‍ട്‌സ് വ്യവസായത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ചാമ്പ്യന്‍ഷിപ്പ് അടയാളപ്പെടുത്തുകയും ചെയ്തു. ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് 32 ലേറെ വിനോദ, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു. ജൂലൈ മൂന്നു മുതല്‍ ഓഗസ്റ്റ് 25 വരെ നീണ്ടുനിന്ന ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് മത്സരങ്ങളും അനുബന്ധ പരിപാടികളും 50 കോടി പ്രേക്ഷകരെ ആകര്‍ഷിക്കുകയും 25 കോടി മണിക്കൂര്‍ ഉള്ളടക്കം വീക്ഷിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഒരു പുതിയ ആഗോള റെക്കോര്‍ഡ് ആണിത്.
രണ്ടു ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ഇവന്റ് കാലയളവില്‍ റിയാദിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം തോതില്‍ വര്‍ധിക്കുകയും ചെയ്തതിലൂടെ ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിച്ചു. മത്സരത്തിന്റെ തനതായ മള്‍ട്ടി-ഗെയിം, മള്‍ട്ടി-ജെനര്‍ ഫോര്‍മാറ്റ് ലോകത്തെ മികച്ച ക്ലബ്ബുകളെ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ആഗോള ഇ-സ്‌പോര്‍ട്‌സ് ലാന്‍ഡ്‌സ്‌കേപ്പിനെ വികസിപ്പിക്കുകയും സമൂഹങ്ങളില്‍ ഇ-സ്‌പോര്‍ട്‌സിന്റെ നല്ല സ്വാധീനം എടുത്തുകാണിക്കുകയും സാംസ്‌കാരിക വിനിമയം വര്‍ധിപ്പിക്കുകയും ഇ-സ്‌പോര്‍ട്‌സ് ഒരു മികച്ച നിക്ഷേപ അവസരമായി അംഗീകരിക്കാന്‍ ലോക ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ് മേഖല ലോകമെമ്പാടും അതിവേഗം വളരുന്ന വ്യവസായങ്ങളില്‍ ഒന്നാണ്. 2023 ല്‍ ഇതിന്റെ ആഗോള വിപണി ഏകദേശം 200 ബില്യണ്‍ ഡോളറായിരുന്നു.
പ്രഥമ ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് സംഘടിപ്പിച്ചതിലെ ഈ വിജയം പ്രധാന ഇവന്റുകള്‍ക്കും പരിപാടികള്‍ക്കും ആതിഥേയത്വം വഹിക്കുന്നതില്‍ സൗദി അറേബ്യയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് വ്യക്തമാക്കുന്നത്. ഒരു പ്രധാന ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഇത് ഉറപ്പിക്കുകയും ചെയ്യുന്നു. 2025 ല്‍ സൗദിയില്‍ പ്രഥമ ഒളിംപിക് ഇ-സ്‌പോര്‍ട്‌സ് ഗെയിം സംഘടിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ടൂര്‍ണമെന്റ് അവിശ്വസനീയമായ വിജയമായിരുന്നെന്ന് ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് സി.ഇ.ഒ റാള്‍ഫ് റീച്ചര്‍ട്ട് വിശേഷിപ്പിച്ചു. ആദ്യ വര്‍ഷത്തില്‍ തന്നെ ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് അവിശ്വസനീയമായ വിജയം കൈവരിച്ചു. ആഗോള ഇ-സ്‌പോര്‍ട്‌സിനെ പുതിയ ഉയരങ്ങളിലേക്ക് ഇത് നയിച്ചു – റാള്‍ഫ് റീച്ചര്‍ട്ട് പറഞ്ഞു.