കൊൽക്കത്ത- തന്നോട് ചെയ്ത തെറ്റ് സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് സമ്മതിച്ചുവെന്ന് ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. ഒരു രഞ്ജിത്ത് മാത്രമല്ലെന്നും നിരവധി പേരുണ്ടെന്നും ശ്രീലേഖ മിത്ര പറഞ്ഞു. എല്ലാവരെയും പുറത്തേക്ക് കൊണ്ടുവരണമെന്നും അതിന് പറ്റിയ സഹചര്യമാണെന്നും ശ്രീലേഖ പറഞ്ഞു. പോലീസ് ഇതേവരെ തന്നോട് ബന്ധപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം,ഇന്ന് രാവിലെയാണ് ഇ-മെയിൽ വഴി രഞ്ജിത്ത് രാജി സമർപ്പിച്ചത്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദീഖ് രാജിവെച്ച ഉടനെയാണ് രഞ്ജിത്തിന്റെ രാജിയും സംഭവിച്ചത്.
ലൈംഗീകമായി തന്നെ നടൻ സിദ്ദീഖ് പീഡിപ്പിച്ചുവെന്ന് നടി രേവതി സമ്പത്ത് ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ, ഇന്നും സിദ്ദീഖിന് എതിരെ ആരോപണവുമായി രേവതി സമ്പത്ത് രംഗത്തെത്തി. സിദ്ദീഖ് കൊടുംക്രിമിനലാണെന്നും ഹോട്ടൽ ജീവനക്കാരികളോട് വരെ മോശമായി പെരുമാറിയെന്നും തെളിവുകൾ കൈവശമുണ്ടെന്നും രേവതി സമ്പത്ത് ആരോപിച്ചു.
നടൻ റിയാസ് ഖാന് എതിരെയും രേവതി സമ്പത്ത് ആരോപണം ഉന്നയിച്ചു. സഹകരിക്കുന്ന സ്ത്രീകളുണ്ടെങ്കിൽ അറിയിക്കണം എന്ന് ഫോണിൽ വിളിച്ചു ചോദിച്ചുവെന്നാണ് രേവതി സമ്പത്ത് പറഞ്ഞത്. അതിനിടെ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ പേടിയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.