ജിദ്ദ – പര്‍ദയും ശിരോവസ്ത്രവും ധരിക്കാത്ത വിദ്യാര്‍ഥിനികളെ യൂനിവേഴ്‌സിറ്റി കോംപൗണ്ടുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി സര്‍വകലാശാലകള്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ സൗദി ദേശീയ വേഷം പാലിക്കല്‍ നിര്‍ബന്ധമാണെന്ന് പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന സര്‍വകലാശാലകള്‍ വ്യക്തമാക്കി.
വിദ്യാര്‍ഥിനികള്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശിക്കുമ്പോള്‍ സൗദി ദേശീയ വേഷം (പര്‍ദ്ദയും ശിരോവസ്ത്രവും) നിര്‍ബന്ധമായും പാലിക്കണമെന്ന് ജിദ്ദ യൂനിവേഴ്‌സിറ്റി ആവശ്യപ്പെട്ടു. മാന്യമായ വസ്ത്രധാരണം നിലനിര്‍ത്തുകയും സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം ഒഴിവാക്കുകയും വേണം. ക്ലാസ് മുറികളിലും യൂനിവേഴ്‌സിറ്റി ഇവന്റുകളിലും സര്‍വകലാശാലാ ആസ്ഥാനത്തും ശാഖകളിലും ഇത് ബാധകമാണ്.
വിദ്യാര്‍ഥികളും സര്‍വകലാശാലാ കോംപൗണ്ടില്‍ ദേശീയ വസ്ത്രം ധരിക്കല്‍ നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ തോബും ശിരോവസ്ത്രവുമാണ് ധരിക്കേണ്ടത്. ദേശീയ വസ്ത്രം ധരിക്കാത്ത വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ യൂനിവേഴ്‌സിറ്റി ക്യാമ്പസിനകത്തും ക്ലാസ് മുറികളിലും പ്രവേശിക്കുന്നതില്‍ നിന്നും യൂനിവേഴ്‌സിറ്റി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സര്‍വകലാശാലയിലെ വിവിധ വകുപ്പുകളെ സമീപിക്കുന്നതില്‍ നിന്നും വിലക്കുമെന്നും ജിദ്ദ യൂനിവേഴ്‌സിറ്റി വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ സൗദി ദേശീയ വേഷം ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ഇലക്‌ട്രോണിക് യൂനിവേഴ്‌സിറ്റി വ്യക്തമാക്കി. വിദ്യാര്‍ഥിനികള്‍ പര്‍ദയും ശിരോവസ്ത്രവുമാണ് ധരിക്കേണ്ടത്. യൂനിവേഴ്‌സിറ്റി ആസ്ഥാനത്തും ശാഖകളിലും പ്രവേശിക്കാനും ക്യാമ്പസിനു പുറത്തുള്ള പരിപാടികളിലും ക്യാമ്പസിനകത്ത് സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കാനും ഇത് ബാധകമാണ്.
ദേശീയ സ്വത്വം ശക്തിപ്പെടുത്താനും സംരക്ഷിക്കാനും വേണ്ടിയാണ് തീരുമാനമെന്ന് സൗദി ഇലക്‌ട്രോണിക് യൂനിവേഴ്‌സിറ്റി പറഞ്ഞു. ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സൗദി വേഷം ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയും വ്യക്തമാക്കി. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ സൗദി വേഷം ധരിക്കല്‍ നിര്‍ബന്ധമാണെന്നും ഇത് പാലിക്കാത്തവരെ വിലക്കുമെന്നും മറ്റു പ്രധാന യൂനിവേഴ്‌സിറ്റികളും വ്യക്തമാക്കിയിട്ടുണ്ട്.