നെടുമ്പാശ്ശേരി: സ്ക്രൂ ഡ്രൈവറിലും പ്ലാസ്റ്റിക് പൂക്കളിലും സ്വർണം കടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. യുവതിയിൽനിന്ന് 61 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.
കുവൈത്തിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ബെംഗളൂരു സ്വദേശിനിയായ മുബീനയാണ് അറസ്റ്റിലായത്. യുവതിയെ കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. സ്വർണ്ണക്കടത്തിന് പിന്നിൽ യുവതിയെ സഹായിച്ചവരിലേക്ക് അന്വേഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കാഴ്ചയിൽ സംശയമൊന്നും തോന്നാത്തവിധം സ്ക്രൂ ഡ്രൈവറിലെ പിടിയ്ക്കുള്ളിൽ അതിവിദഗ്ധമായാണ് സ്വർണം തിരുകി കയറ്റിയിരുന്നത്. 26-ഓളം വയറുകളും കമ്പികളും വളച്ചാണ് പ്ലാസ്റ്റിക് പൂക്കളുടെ ബൊക്കെ തയ്യാറാക്കിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ ഇലകളിൽ സ്റ്റീൽ കളർ പൂശി പ്ലാസ്റ്റിക് കവർ മീതെ ചുറ്റിയതായും കസ്റ്റംസ് അധികൃതർ പറഞ്ഞു.