ജിദ്ദ – ഉപയോക്താക്കള്‍ക്ക് ഹാനികരമായ സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ഉല്‍പന്ന സുരക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നത് പത്തു വര്‍ഷം തടവ്. നിയമ ലംഘകര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ചുമത്തും. സ്ഥാപനം ഒരു വര്‍ഷത്തില്‍ കവിയാത്ത കാലത്തേക്ക് അടപ്പിക്കാനും നിയമം അനുശാസിക്കുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വാണിംഗ് നോട്ടീസ് നല്‍കാനും നിയമത്തില്‍ വകുപ്പുണ്ട്. വാണിംഗ് നോട്ടീസ് നല്‍കുന്ന പക്ഷം പിഴ ചുമത്തുന്നതിനും സ്ഥാപനം അടപ്പിക്കുന്നതിനും മുമ്പായി നിയമ ലംഘനം അവസാനിപ്പിക്കാന്‍ സ്ഥാപനത്തിന് നിശ്ചിത സമയം സാവകാശം അനുവദിക്കും.
സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ സൗദിയില്‍ നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിപണം നടത്തുന്നതും ക്രയവിക്രയം ചെയ്യുന്നതും അവയെ കുറിച്ച് പരസ്യം ചെയ്യുന്നതും നിയമം വിലക്കുന്നു. ഉല്‍പന്നത്തിന്റെ ഉപയോഗം അപകട സാധ്യത ഉണ്ടാക്കാന്‍ പാടില്ല. ഉല്‍പന്നങ്ങളില്‍ എല്ലാ അടിസ്ഥാന വ്യവസ്ഥകളും ഗുണനിലവാര മാനദണ്ഡങ്ങളും പൂര്‍ണമായിരിക്കണം.
വിപണിയിലിറക്കിയ ഉല്‍പന്നത്തിലെ തകരാറിന്റെ ഫലമായുണ്ടാകുന്ന ഏതൊരു നാശത്തിനും നിര്‍മാതാവ് ഉത്തരവാദിയായിരിക്കും. ഫാക്ടറി ആസ്ഥാനം വിദേശത്താണെങ്കില്‍ നിയമപരമായ മുഴുവന്‍ ഉത്തരവാദിത്തങ്ങളും കടമകളും ഇറക്കുമതിക്കാരനായിരിക്കും. നിര്‍മാതാവിനെയോ ഇറക്കുമതിക്കാരനെയോ നിര്‍ണയിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉല്‍പന്നത്തിലെ തകരാറിന്റെ ഫലമായുണ്ടാകുന്ന ഏതൊരു നാശത്തിനും ഉല്‍പന്നത്തിന്റെ വില്‍പനയിലും വിപണനത്തിലും പങ്കുള്ള മുഴുവന്‍ പേരും തുല്യമായി ഉത്തരവാദിത്തം വഹിക്കേണ്ടിവരും.
ഉല്‍പന്ന സുരക്ഷാ നിയമം മന്ത്രിസഭ അംഗീകരിച്ചത് ഉല്‍പന്നങ്ങളുടെ വിശ്വാസ്യതയും ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയും വര്‍ധിപ്പിക്കുമെന്നും ഉയര്‍ന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി പ്രാദേശിക വിപണിയില്‍ ഉല്‍പന്നങ്ങളുടെ മത്സരശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.