കയ്റോ- ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഗാസ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് ദോഹയിൽ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശത്തിൽ ഇസ്രായേലിൽ നിന്നുള്ള ‘പുതിയ വ്യവസ്ഥകൾ’ അംഗീകരിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.
ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗാസയ്ക്കുള്ളിൽ ഇസ്രായിൽ സൈന്യത്തെ നിലനിർത്തണം എന്നാണ് ഇസ്രായിൽ മുന്നോട്ടുവെച്ച പുതിയ വ്യവസ്ഥ. ഇത് അംഗീകരിക്കാനാകില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഫലസ്തീനിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കുക, കുടിയിറക്കപ്പെട്ടവരെ തിരിച്ചുവരാൻ അനുവദിക്കുക, ബന്ദി കൈമാറ്റം സുഗമമാക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്.
അതേസമയം, ഗാസ വെടിനിർത്തൽ ചർച്ചകൾ അടുത്തയാഴ്ച കെയ്‌റോയിൽ പുനരാരംഭിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന തരത്തിൽ അവശേഷിക്കുന്ന വിടവുകൾ നികത്തുമെന്നും സഹ-മധ്യസ്ഥരായ ഖത്തറും ഈജിപ്തും ഒപ്പിട്ട പ്രസ്താവനയിൽ വൈറ്റ് ഹൗസ് വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്തെ സമ്പൂർണമായി യുദ്ധത്തിലേക്ക് തള്ളി വിടാതിരിക്കാൻ ഗാസയിൽ വെടിനിർത്തൽ അനിവാര്യമാണെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുലാത്തി പറഞ്ഞു. മേഖലയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് വഴുതിവീഴുന്നത് തടയുന്നതിനുള്ള താക്കോലാണ് ഗാസ വെടിനിർത്തലെന്നും അദ്ദേഹം പറഞ്ഞു.
ജൂതകുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങളെ ശക്തമായി അപലപിച്ച് ഒ.ഐ.സി
ജിദ്ദ – വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ സേനകളുടെ സംരക്ഷണത്തോടെ ജൂതകുടിയേറ്റക്കാര്‍ ദൈനംദിനം നടത്തുന്ന കുറ്റകൃത്യങ്ങളെയും സംഘടിത ഭീകരതയെയും രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍. ഇതില്‍ ഏറ്റവും ഒടുവിലത്തെതായിരുന്നു ഇന്ന് ഖല്‍ഖില്‍യയിലെ ജീത് ഗ്രാമത്തില്‍ നടത്തിയ ഭീകരമായ ആക്രമണം. ജീത് ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാര്‍ സാധാരണക്കാര്‍ക്കു നേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയും അവരുടെ സ്വത്തുവകകള്‍ നശിപ്പിക്കുകയും വീടുകളും വാഹനങ്ങളും കൃഷിഭൂമികളും അഗ്നിക്കിരയാക്കുകയും ചെയ്തു.
ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ഏതാനും പേര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ച് ഫലസ്തീന്‍ ജനതക്കും അവരുടെ മണ്ണിനും വിശുദ്ധ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായില്‍ നടത്തുന്ന തുറന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരുന്നതിന്റെ ഫലമായ പ്രത്യാഘാതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്.
ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കുന്നതിലും ഗാസയിലും വെസ്റ്റ് ബാങ്കിലും ജറൂസലം നഗരത്തിലും തുടരുന്ന ഇസ്രായില്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തുന്നത് ഉറപ്പാക്കുന്നതിലും തങ്ങളുടെ ഉത്തരവാദിത്തം യു.എന്‍ രക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും ഏറ്റെടുക്കണം. അധിനിവിഷ്ട ഫലസ്തീനിലെ മുഴുവന്‍ ജൂതകുടിയേറ്റ കോളനികളും പൊളിച്ചുനീക്കാനും ജൂതഭീകര മിലീഷ്യകളെ ഇല്ലാതാക്കാനും ജൂതഭീകര മിലീഷ്യകള്‍ക്കുള്ള രാഷ്ട്രീയ, നിയമ പരിരക്ഷ എടുത്തുകളയാനും ഇത്തരം മിലീഷ്യകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനും ഫലസ്തീനിലെ അനധികൃത കൊളോണിയല്‍ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രായിലിനെ അന്താരാഷ്ട്ര സമൂഹം നിര്‍ബന്ധിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.