ജിദ്ദ: നൂറ്റാണ്ടുകളോളം ഇന്ത്യൻ ജനതയെ അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്നിൽ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ച് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ ഷറഫിയയിൽ സംഘടിപ്പിച്ച പരിപാടി ഒഐസിസി ജിദ്ദ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. പഴയ കാലത്ത് വൈദേശിക ആധിപത്യം ആയിരുന്നു എങ്കിൽ ഇന്ന് രാജ്യത്തിനകത്ത് തന്നെയുള്ള ഫാസിസ്റ്റുകൾ ആണ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയെന്നും സമകാലിക ഭാരത ജനതയുടെ സ്വാതന്ത്ര്യവും , പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നും ഹക്കീം പാറക്കൽ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം സി.എം അഹമ്മദ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സാമ്രാജ്യത്വ ശക്തികളുടെയും സ്വദേശി – വിദേശി കോര്‍പ്പറേറ്റുകളുടെയും അധികാര ദല്ലാളുകളെ പടിയടച്ച് പിണ്ഡം വച്ച് വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തി, മതേതരത്വവും , ജനാധിപത്യവും, ഭാരതത്തിന്‍റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും തയ്യാറാകണമെന്നും സിഎം അഹമദ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും അഭിപ്രായസ്വാതന്ത്ര്യവും സഹിഷ്ണുതയും മരിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ, യഥാർത്ഥ രാജ്യസ്നേഹികളുടെ മറ്റൊരു സ്വാതന്ത്ര്യ പോരാട്ടം ആരംഭിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചരുകയാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയെ അപമാനിച്ച ബിജെപി സർക്കാരിന്റെ അസഹിഷ്ണുത നിറഞ്ഞ നിലപാടിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ കുഞ്ഞിമോൻ ഹാജി വാണിയമ്പലത്തിന് സ്വീകരണം നൽകി. അബ്ദുൽ അസീസ് ലാക്കൽ,സിപി മുജീബ് എന്നിവർ ഹാരാർപ്പണം നടത്തി.
സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവീരഗാഥകൾ പരിചയപ്പെടുത്തി പുതുതലമുറക്ക് ദേശീയ ബോധം പകർന്നു നൽകേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നു കുഞ്ഞിമോൻ ഹാജി പറഞ്ഞു.
ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ആസാദ് പോരൂർ, മൗഷ്മി ഷരീഫ്, നാസർ സൈൻ, പ്രിൻസാദ് കോഴിക്കോട്, നാസർ കോഴിത്തൊടി, സന്തോഷ് കാളികാവ്, ഫൈസൽ മക്കരപ്പറമ്പ്,
ഖാദർ കരുവാരക്കുണ്ട്, ഇസ്മയിൽ സിടിപി, ഇപി മുഹമ്മദലി, കമാൽ കളപ്പാടൻ, സമീർ കാളികാവ്, ജാഫർ അലി പാലക്കോട്, അബ്ദുൽ ഗഫൂർ വണ്ടൂർ, മുസ്തഫ ചേളാരി, ഷാജു കരമന എന്നിവർ സംസാരിച്ചു. ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ഷിബു കാളികാവ് നന്ദിയും പറഞ്ഞു.
എം ടി അബ്ദുൽ ഗഫൂർ, ഷാജു റിയാസ്, നിസ്നു ഹുസൈൻ, സാദിഖ് പോരൂർ എന്നിവർ നേതൃത്വം നൽകി.