റിയാദ്- സൗദി അറേബ്യയിലേക്ക് കണ്ണും നട്ടിരിക്കുന്ന ലോകം ഇതുകാണുന്നു. സൗദി സൂപ്പർ കപ്പ് ഫുട്ബോൾ സെമിയിൽ അൽ താവൂനിനെതിരെ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രത്തിനൊപ്പം അൽ നസ്ർ എക്സിൽ പങ്കുവെച്ച കുറിപ്പിലെ വാചകമാണിത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളും അസിസ്റ്റും സ്വന്താക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയം ആഘോഷിച്ചു. ഫുട്ബോൾ കരിയറിന്റെ തുടർച്ചയായ ഇരുപത്തിമൂന്നാമത്തെ വർഷവും ക്രിസ്റ്റ്യാനോ തന്റെ ടീമിനായി വല ചലിപ്പിച്ചിരിക്കുന്നു.
ഈ സീസണിൽ ക്രിസ്റ്റ്യാനോയുടെ അൽ നസറിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ ആദ്യഗോളായിരുന്നു ഇത്. യൂറോ കപ്പിൽ പോർച്ചുഗലിന് വേണ്ടി കളത്തിലിറങ്ങിയ റൊണാൾഡോ രാജ്യത്തിന് വേണ്ടിയുള്ള കരിയർ ഏറെക്കുറെ അവസാനിപ്പിച്ചാണ് അൽ നസ്റിന് വേണ്ടി കളത്തിലെത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരം ആരാധകരുടെയും മനം കവർന്നു. ഗോൾ നേടിയ ശേഷം തന്റേതു മാത്രമായ ആഘോഷവും മൈതാനത്തിൽ ക്രിസ്റ്റ്യാനോ നടത്തി.
39-കാരനായ താരം കളിയുടെ തുടക്കത്തിൽ തന്നെ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. എട്ടാമത്തെ മിനിറ്റിൽ അയ്മൻ യഹിയയെ ഗോളടിപ്പിച്ചതും ക്രിസ്റ്റ്യാനോ ആയിരുന്നു. 75ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച് ടീമിന്റെ വിജയം ഉറപ്പാക്കി.
ഫൈനലിൽ ഹിലാലിനെ തോൽപിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനായി രണ്ടാമത്തെ ട്രോഫി ഉയർത്തും. അടുത്ത ശനിയാഴ്ച ഫൈനലിൽ അൽ ഹിലാലിനെയാകും അൽ നസ്ർ നേരിടുക. അൽ-അഹ്‌ലിയെ 1-1ന് സമനിലയിൽ തളച്ചതിന് ശേഷം പെനാൽറ്റിയിൽ വിജയിച്ചാണ് അൽ-ഹിലാൽ ഫൈനലിലേക്ക് യോഗ്യത നേടിയത്.