ജിദ്ദ – കിഴക്കന്‍ ഗാസയിലെ അല്‍ദറജ് ഡിസ്ട്രിക്ടില്‍ അഭയാര്‍ഥികള്‍ കഴിയുന്ന അല്‍താബിഈന്‍ സ്‌കൂള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും ഇസ്രായില്‍ നിരന്തരം ലംഘിക്കുന്നതിന്റെ ഫലമായി അഭൂതപൂര്‍വമായ മാനുഷിക ദുരന്തം നേരിടുന്ന ഗാസയില്‍ കൂട്ടക്കുരുതികള്‍ ഉടനടി അവസാനിപ്പിക്കണം. ഇത്തരം നിയമ ലംഘനങ്ങളില്‍ ഇസ്രായിലിനോട് കണക്കുചോദിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയത്തെ സൗദി അറേബ്യ അപലപിക്കുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു.
അല്‍താബിഈന്‍ സ്‌കൂളിനു നേരെ ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 100 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂളില്‍ ഇന്ന് പുലര്‍ച്ചെ അഭയാര്‍ഥികള്‍ സുബ്ഹി നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ മൂന്നു മിസൈലുകള്‍ ഉപയോഗിച്ചാണ് ഇസ്രായില്‍ സൈന്യം ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ 90 നും 100 നും ഇടയില്‍ ആളുകള്‍ മരണപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹ്മൂദ് ബാസല്‍ പറഞ്ഞു. ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌കൂളില്‍ 250 ഓളം അഭയാര്‍ഥികളാണുണ്ടായിരുന്നതെന്നും ഇക്കൂട്ടത്തില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമായിരുന്നെന്നും ഗാസ ഗവണ്‍മെന്റ് മീഡിയ വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തില്‍ അടിയന്തിര അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ക്കും ഭവനരഹിതരാക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായില്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ കുറിച്ച വസ്തുതകള്‍ കണ്ടെത്താന്‍ സ്വതന്ത്ര യു.എന്‍ അന്വേഷകരെ അയക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തിര അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുന്നതായി ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയിലെ 24 ലക്ഷം വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും ഭവനരഹിതരാക്കപ്പെട്ടിട്ടുണ്ട്. അല്‍താബിഈന്‍ സ്‌കൂളില്‍ നിരവധി പേര്‍ അഭയം തേടിയിരുന്നു. ഇന്നത്തെ ആക്രമണത്തോടെ ജൂലൈ ആറു മുതല്‍ ഗാസയില്‍ സ്‌കൂളുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 14 ആയി. ഈ ആക്രമണങ്ങളില്‍ 280 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഗാസയിലെ രണ്ടു സ്‌കൂളുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 18 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഗാസയില്‍ മറ്റു രണ്ടു സ്‌കൂളുകള്‍ക്കും നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 30 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് കമാന്‍ഡ് സെന്ററുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് അന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.