ന്യൂദൽഹി- തന്റെ മകനെ തോൽപ്പിച്ച് ഒളിംപിക്സിൽ സ്വർണം നേടിയ പാക്കിസ്ഥാന്റെ അർഷാദ് നദീമും തനിക്ക് മകനാണെന്ന് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയുടെ പ്രകടനം സംബന്ധിച്ച് പ്രതികരിക്കുന്നതിനിടെയാണ് യഥാർത്ഥ കായിക സ്നേഹത്തിന്റെ പ്രതികരണം സരോജ് ദേവിയിലൂടെ പുറത്തുവന്നത്.
മകൻ നീരജ് ചോപ്രയുടെ വെള്ളി മെഡൽ മാത്രമല്ല, പാക്കിസ്ഥാന്റെ അർഷാദ് നദീമിന്റെ സ്വർണവും എനിക്ക് ആവേശം നൽകുന്നതാണ്. നദീം എനിക്ക് മകനെ പോലെയാണ്. നീരജിന്റെ വെള്ളിയിൽ എനിക്ക് സന്തോഷമുണ്ട്. സ്വർണ്ണം കിട്ടിയ ആൾ (അർഷാദ് നദീം) എൻ്റെയും കുട്ടിയാണ്. എല്ലാവരും കഠിനാധ്വാനം ചെയ്തിട്ടാണ് അവിടെ എത്തിയത്-സരോജ് ദേവി പറഞ്ഞു.
കായിക വേദിയിൽ പരസ്പരം പോരടിക്കുമ്പോഴും ഉറ്റ കൂട്ടുകാരാണ് അർഷാദ് നദീമും നീരജ് ചോപ്രയും. നീരജ് നൽകിയ ജാവലിൻ ഉപയോഗിച്ചാണ് അർഷാദ് നദീം ഒരുപാട് നാൾ പരിശീലനം നടത്തിയത്. കഴിഞ്ഞ വർഷത്തെ ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിനിടെ ഇരുവരും ജാവലിൻ ത്രോയിൽ മത്സരിച്ചിരുന്നു. ഇതിൽ നീരജ് ഒന്നും നദീം രണ്ടും സ്ഥാനം നേടി. മെഡൽ നേടിയ ശേഷം, നീരജിനൊപ്പം ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാതലത്തിൽ ഫോട്ടോക്ക് പോസ് ചെയ്ത നദീമിന് സ്വന്തം രാജ്യത്തുനിന്ന് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നു.
ജാവലിൻ ത്രോ ഫൈനലിൽ നീരജ് ചോപ്രയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. മുൻനിര താരമായി ഫൈനലിൽ കടന്ന ചോപ്ര തൻ്റെ രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പിച്ചു. 92.97 മീറ്റർ എറിഞ്ഞ് പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച അർഷാദ് നദീം സ്വർണം നേടി. 2008-ലെ ബെയ്‌ജിംഗ് ഒളിമ്പിക്‌സിൽ നോർവേയുടെ ആൻഡ്രിയാസ് തോർകിൽഡ്‌സെൻ സ്ഥാപിച്ച 90.57 മീറ്ററിൻ്റെ മുൻ ഒളിമ്പിക് റെക്കോർഡാണ് നദീം തകർത്തത്.
ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ പാക്കിസ്ഥാൻ നേടുന്ന ആദ്യത്തെ സ്വർണ്ണ മെഡൽ കൂടിയാണിത്. ഇത് പാക്കിസ്ഥാൻ കായിക ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുകയും ചെയ്തു.